
ഡെറാഡൂണ്‍ : ഗംഗ ദസ്റയോടനുബന്ധിച്ച് ഹരിദ്വാറില്‍ കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച് നൂറുകണക്കിനാളുകള്‍ സ്നാനത്തിനെത്തി. സാമൂഹിക അകലം പാലിക്കാതെയും മാസ്കുകള്‍ ധരിക്കാതെയും പോലീസ് നിയന്ത്രണങ്ങല്‍ ലംഘിച്ച് ജനങ്ങള്‍ കൂട്ടത്തോടെ എത്തുകയായിരുന്നു.
കോവിഡ് രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തില്‍ ദസ്റ ചടങ്ങുകള്‍ മാത്രമായാണ് നടത്തുന്നതെന്ന് ഉത്തരാഖണ്ഡ് പോലീസ് അറിയിച്ചിരുന്നു. ജനങ്ങളോട് വീടുകളില്‍ ദസ്റ ആഘോഷിക്കണമെന്ന് അധികൃതര്‍ നിര്‍ദ്ദേശിച്ചിരുന്നു. ആര്‍ടിപിസിആര്‍ നെഗറ്റീവായവരെ മാത്രമാണ് ഹരിദ്വാറിലേക്ക് കടത്തിവിട്ടതെന്ന് പോലീസ് പറഞ്ഞു.
ഹരിദ്വാറിന് പുറമേ ഉത്തര്‍പ്രദേശിലെ ഫറൂഖാബാദിലും നിരവധി പേര് ഗംഗാ സ്നാനത്തിനായി എത്തി. ഇവിടെയും പലരും മാസ്കുകള്‍ ധരിക്കാതെയും , സാമൂഹിക അകലം പാലിക്കാതെയാണ് ചടങ്ങുകളില്‍ പങ്കെടുത്തത്. പോലീസിന്റെയും സംസ്ഥാന ഭരണകൂടത്തിന്റെയും നിയന്ത്രണങ്ങള്‍ പാലിക്കാന്‍ ജനങ്ങള്‍ തയ്യാറായില്ല.നേരത്തെ ഹരിദ്വാറിലെ കുംഭമേളയില്‍ പങ്കെടുത്ത നിരവധി പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു.






