
ആക്ടിവയുടെ 125 സിസി പതിപ്പിന് മികച്ച ഓഫർ പ്രഖ്യാപിച്ച് ഹോണ്ട. മറ്റ് മോഡലുകളിൽ അടുത്തിടെയായി അവതരിപ്പിച്ച അഞ്ച് ശതമാനം ക്യാഷ്ബാക്ക് ആനുകൂല്യമാണ് ആക്ടിവയുടെ 125 സിസി പതിപ്പിനും കമ്പനി നൽകുന്നത്. അഞ്ച് ശതമാനം വരെ ക്യാഷ്ബാക്ക് ആണ് പുതിയ ആക്ടിവ 125 സ്വന്തമാക്കുന്ന ഉപഭോക്താക്കൾക്ക് ലഭിക്കുക. 3,500 രൂപ വരെ ലാഭിക്കാൻ ഇതിലൂടെ സാധിക്കും. എന്നാൽ, ഈ ഓഫർ എസ്ബിഐ ക്രെഡിറ്റ് കാർഡ് ഇഎംഐ സ്കീം തെരഞ്ഞെടുക്കുന്നവർക്ക് മാത്രമേ ലഭ്യമാകൂ എന്നാണ് റിപ്പോർട്ട്. 2021 ജൂൺ 30 വരെ ഈ ക്യാഷ്ബാക്ക് ഓഫർ സാധുവാണ്.
സ്റ്റാൻഡേർഡ്, അലോയ്, ഡീലക്സ് എന്നിങ്ങനെ മൂന്ന് വേരിയന്റുകളിലാണ് സ്കൂട്ടർ വിപണിയിൽ എത്തുന്നത്. ഈ വേരിയന്റുകളുടെ എക്സ്ഷോറൂം വിലക ഇങ്ങനെ. ആക്ടിവ 125 സ്റ്റാൻഡേർഡ് വേരിയന്റിന് 74,107 രൂപയും ആക്ടിവ 125 അലോയ് വേരിയന്റിന് 77,775 രൂപയും ആക്ടിവ 125 ഡീലക്സ് വേരിയന്റിന് 81,280 രൂപയുമാണ് എക്സ് ഷോറൂം വില. 110 സിസി മോഡലിൽ നിന്ന് ആക്ടിവ 125-നെ വേർതിരിക്കുന്ന പ്രധാന ഭാഗം മുൻവശത്ത് ക്രോം എലമെന്റും ഒരു ചെറിയ വൈസറുമാണ്.
124 സിസി എയർ-കൂൾഡ് എഞ്ചിനാണ് സ്കൂട്ടറിന്റെ ഹൃദയം. ഈ എൻജിൻ 6,500 rpm-ൽ പരമാവധി 8.18 bhp കരുത്തും 5,000 rpm-ൽ 10.3 Nm ടോർക്കും നൽകുന്നു. മുൻവശത്ത് ടെലിസ്കോപ്പിക് ഫോർക്കുകളും പിൻവശത്ത് മൂന്ന്-ഘട്ടമായി ക്രമീകരിക്കാവുന്ന സ്പ്രിംഗ്-ലോഡഡ് ഹൈഡ്രോളിക് സസ്പെൻഷനുമാണ് ആക്ടിവയ്ക്ക് ലഭിക്കുന്നത്. വിപണിയിൽ ടിവിഎസ് എൻടോർഖ്, യമഹ ഫാസിനോ 125, യമഹ റേ ZR, ഹീറോ മാസ്ട്രോ, സുസുക്കി ആക്സസ് 125, ഹീറോ ഡെസ്റ്റിനി തുടങ്ങിയ മോഡലുകളാണ് ഹോണ്ടയുടെ എതിരാളി.






