
വാഹനകമ്പക്കാരനായ ഭര്‍ത്താവ് മാര്‍ക്കിന്റെ ജന്മദിനത്തില് ഗംഭീര സമ്മാനം നല്‍കാനായാണ് ഹെഡ്ജ് ബര്‍ളി എന്ന യുവതി ഓണ്‍ലൈനില്‍ തങ്ങളുടെ പ്രിയപ്പെട്ട കാറിന് വേണ്ടി കാര്‍ മാറ്റുകള്‍ ഓര്‍ഡര്‍ ചെയ്തത്. 245 പൗണ്ട് ഏകദേശം 25,089 രൂപയ്ക്കാണ് കാര്‍ മാറ്റുകള്‍ ബര്‍ളി ഓണ്‍ലൈനിലൂടെ ഓര്‍ഡര്‍ ചെയ്തത്. ക്ലാസിക് കാറുകള്‍ ശേഖരിക്കുന്നതില്‍ താല്പര്യമുള്ളയാളായിരുന്നു മാര്‍ക്കിള്‍. 1986 മോഡല്‍ ഫോര്‍ഡ് കോസ്വര്‍ത്ത് കാറിന് വേണ്ടിയാണ് ബര്‍ളി മാറ്റുകള്‍ ഓര്‍ഡര്‍ ചെയ്തത്.
എന്നാല്‍ ബര്‍ളിയെ ഞെട്ടിപ്പിയ്ക്കുന്ന ഒന്നായിരുന്നു കൈയ്യില്‍ കിട്ടിയത്. പാര്‍സല്‍ ആയി കിട്ടിയ കാര്‍ മാറ്റ് ഒരു കളിപ്പാട്ട കാറില്‍ ഇടാന്‍ പറ്റുന്ന അത്ര ചെറുതായിരുന്നു. കിട്ടിയ മാറ്റുകള്‍ എല്ലാം തന്നെ ഒരു കൈവെള്ളയില്‍ മാത്രം ഒതുങ്ങുന്നതായിരുന്നു. '' ഞങ്ങളുടെ പ്രിയപ്പെട്ട കാറുകളിലൊന്നാണ് 1986 ഫോര്‍ഡ് കോസ്വര്‍ത്ത്. മാര്‍ക്കിന്റെ ജന്മദിനത്തിനായി കാറിനായുള്ള പീസ് ഡി റെസിസ്റ്റന്‍സായി കാര്‍ മാറ്റുകള്‍ സമ്മാനിക്കാന്‍ ഞാന്‍ ആഗ്രഹിച്ചു. ഞാന്‍ ഫോര്‍ഡ് കാര്‍ മാറ്റുകള്‍ക്കായി തിരഞ്ഞ് ഒടുവില്‍ മനസ്സിലുള്ള കാര്‍ മാറ്റുകള്‍ വില്‍ക്കുന്ന ഒരു വെബ്സൈറ്റ് കണ്ടെത്തി. 245 പൗണ്ട് എന്ന് കണ്ടപ്പോള്‍ കൂടുതല്‍ ഒന്നും അന്വേഷിക്കാതെ ഞാന്‍ അവ ഓര്‍ഡര്‍ ചെയ്തു.
പക്ഷെ പണി പാളി പാക്കേജ് വന്നപ്പോള്‍, എന്റെ മകന് അത് എന്റെ അടുത്ത് കൊണ്ടു വന്നു. പാക്കേജിന് വലിപ്പം തീരെ കുറഞ്ഞത് പോലെ എനിക്ക് തോന്നി. തുറന്ന് നോക്കിയപ്പോള്‍ ചിരിക്കാനും കരയാനും എനിക്ക് തോന്നി. എന്റെ മകന് ചിരിക്കുക മാത്രമല്ല ഇതുകൊണ്ടാണ് വയസ്സായ ആളുകള്‍ ഇന്റര്‍നെറ്റില്‍ ഒന്നും ഓര്‍ഡര്‍ ചെയ്യരുത് എന്ന് പറയുന്നത് എന്നും പറഞ്ഞു'' - ഹെഡ്ജ് ബര്‍ളി ദി മിററിനോട് പറഞ്ഞു. പണം തിരികെ ലഭിക്കാനുള്ള ശ്രമത്തിലാണ് ഇപ്പോള്‍ ബര്‍ളി.






