നിസാന്‍ മോട്ടോഴ്സിന്റെ മാഗ്നൈറ്റ് എന്ന കോംപാക്ട് എസ്.യു.വി. വിദേശ രാജ്യങ്ങളിലേക്കും കടല്‍ കടക്കുകയാണ്. ഇന്ത്യയില്‍നിന്ന് ലോകത്തിലേക്ക് എന്ന പ്രഖ്യാപനത്തോടെയാണ് നിസാന്‍ മോട്ടോഴ്സ് മാഗ്നൈറ്റിന്റെ നിര്‍മാണം ഇന്ത്യയിൽ ആരംഭിച്ചത്.
മികച്ച സ്വീകാര്യതയാണ് മാഗ്നൈറ്റിന് ഇന്ത്യന്‍ വിപണിയിൽ ലഭിച്ചിട്ടുള്ളത്. അവതരിപ്പിച്ച ആറ് മാസം പിന്നിടുന്ന ഈ വാഹനം ഇതിനോടകം 50,000 ബുക്കിങ്ങുകള്‍ നേടി. റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് തമിഴ്നാട് ഓറങ്കടത്തെ നിസാന്റെ പ്ലാന്റില്‍ നിര്‍മിച്ച 15,010 യൂണിറ്റ് മാഗ്നൈറ്റ് എസ്.യു.വികളില്‍ 13,790 യൂണിറ്റ് ഇന്ത്യന്‍ വിപണിയില്‍ വിറ്റഴിച്ചു, ബാക്കി 1220 യൂണിറ്റുകള്‍ വിദേശ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്തു.
നിസാന്‍-റെനോ കൂട്ടുകെട്ടില്‍ വികസിപ്പിച്ചിട്ടുള്ള സിഎംഎഫ്-എ പ്ലസ് പ്ലാറ്റ്ഫോമിലാണ് മാഗ്നൈറ്റ് ഒരുങ്ങുന്നത്. മാഗ്നൈറ്റിന് കരുത്തേകുന്നത് 71 ബി.എച്ച്.പി പവറും 96 എന്‍.എം ടോര്‍ക്കുമേകുന്ന 1.0 ലിറ്റര്‍ നാച്വറലി ആസ്പിരേറ്റഡ് പെട്രോള്‍ എന്‍ജിനും, 99 ബി.എച്ച്.പി പവറും 160 എന്‍.എം ടോര്‍ക്കുമേകുന്ന 1.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനുമാണ്. അഞ്ച് സ്പീഡ് മാനുവലും സി.വി.ടിയുമായിരിക്കും ഇതില്‍ ട്രാന്സ്മിഷന് നിര്‍വഹിക്കുക. രണ്ട് എയര്‍ബാഗ്, എ.ബി.എസ്, ഇ.ബി.ഡി. തുടങ്ങിയ സുരക്ഷ ഫീച്ചറുകളും മാഗ്നൈറ്റില്‍ സ്റ്റാന്റേഡായി ഒരുക്കിയിട്ടുണ്ട്. XE,XL,XV,XV പ്രീമിയം എന്നീ നാല് വേരിയന്റുകളിലാണ് ഈ വാഹനം എത്തുന്നത്.






