കാറുകളിലേതുപോലെ ഇനി മോട്ടോര്‍ സൈക്കിളുകളിലും സുരക്ഷയൊരുക്കാൻ എയര്‍ ബാഗ് എത്തുന്നു. ജാപ്പനീസ് വാഹന നിര്‍മാതാക്കളായ ഹോണ്ട മോട്ടോര്‍ സൈക്കിളുകളില്‍ എയര്‍ ബാഗ് നല്‍കുന്നതിനുള്ള നീക്കത്തിലാണ്. ഇതിന്റെ ഭാഗമായി ഇരുചക്ര വാഹനങ്ങളിലെ എയര്‍ ബാഗ് സംവിധാനത്തിനായി ഹോണ്ട പേറ്റന്റ് സമര്‍പ്പിച്ചതായി ആണ് റിപ്പോർട്ട്.
ഇരുചക്ര വാഹനാപകടങ്ങളില്‍ 68 ശതമാന അപകടങ്ങളും മുന്നില്‍നിന്ന് നേരിട്ടുള്ള ഇടിയിലൂടെയാണെന്നാണ് ഹോണ്ടയുടെ വിലയിരുത്തല്‍. അതുകൊണ്ട് തന്നെ വാഹനത്തിന്റെ മുന്‍ഭാഗത്താണ് എയര്‍ ബാഗ് നല്കാന് തീരുമാനിച്ചത്. ഇരുചക്ര വാഹനങ്ങളില്‍ നല്കുന്ന മൂന്ന് എയര്‍ ബാഗ് ഡിസൈനാണ് ഹോണ്ട പേറ്റന്റ് അപേക്ഷ നല്‍കിയിട്ടുള്ളത്. ഈ സുരക്ഷ സംവിധാനം ഹോണ്ടയുടെ കൂടുതല്‍ മോഡലുകളില്‍ ഒരുക്കുന്നതിനായി ആണ് ഇത്രയും ഡിസൈനുകള്‍ നല്‍കിയിട്ടുള്ളതെന്നാണ് റിപ്പോർട്ട്.
പേറ്റന്റ് ചിത്രത്തില്‍ ഹോണ്ടയുടെ PCX-ടൈപ്പ് സ്കൂട്ടറുകളാണ് നല്‍കിയിട്ടുള്ളത്. ഇതില്‍ കര്ട്ടണ് എയര്‍ ബാഗുകളാണ് ഒരുക്കുക. റിപ്പോർട്ട് പ്രകാരം ഇരുചക്ര വാഹനങ്ങളില്‍ നല്‍കുന്നതിനുള്ള നിരവധി എയര്‍ ബാഗ് ഓപ്ഷനുകള്‍ ഹോണ്ടയുടെ റിസര്‍ച്ച് ആന്‍ഡ് ഡെവലപ്പ്മെന്റ് വിഭാഗം ഒരുക്കുന്നുണ്ട്. അവസാന ഡിസൈനിനായി ഇനിയും കാത്തിരിക്കേണ്ടി വന്നേക്കും. അതുകൊണ്ടുതന്നെ ഹോണ്ടയുടെ ഈ പദ്ധതി എപ്പോള്‍ യാഥാര്‍ഥ്യമാകുമെന്നതില്‍ വ്യക്തതയില്ല.






