
മുംബൈ: മഹാരാഷ്ട്ര മുന്‍ ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖിന്റെ വസതിയില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറ്റേിന്റെ പരിശോധന. നാഗ്പൂരിലെ വസതിയിലാണ് പരിശോധന നടക്കുന്നത്. അഴിമതി, പെരുമാറ്റദൂഷ്യ ആരോപണങ്ങളെ തുടര്‍ന്നാണ് മുതിര്‍ന്ന എന.സി.പി നേതാവായ ദേശ്മുഖ് രാജിവച്ചത്.
മുംബൈ മുന്‍ പോലീസ് കമ്മീഷണര്‍ പരംബീര്‍ സിംഗ് മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്ക് എഴുതിയ കത്തിലാണ് ദേശ്മുഖിനെതിരെ അഴിമതി ആരോപണം ഉന്നയിച്ചത്. മുംബൈയിലലെ ഭക്ഷണശാലകളുടെയും ബാറുകളുടെയും ഉടമകളില്‍ നിന്ന് പണം പിരിച്ചുനല്‍കാന്‍ ദേശ്മുഖ് പോലീസ് ദ്യോഗസ്ഥരോട് ആവശ്യപ്പെട്ടുവെന്നായിരുന്നു പരാതി. മുന്‍ അസിസ്റ്റന്റ് ഇന്‍സ്പെക്ടര്‍ സച്ചിന് വാസെ, എന്‍.സി.പി സഞ്ജയ് പാട്ടീല്‍ എന്നിവര്‍ക്ക് 100 കോടി രൂപയുടെ ടാര്‍ജറ്റ് ദേശ്മുഖ് നല്‍കിയെന്നും പരാതിയില്‍ പറഞ്ഞിരുന്നു. എന്നാല്‍ ആരോപണങ്ങള്‍ ദേശ്മുഖ് നിഷേധിക്കുകയായിരുന്നു. മുകേഷ് അംബാനിയുടെ വസതിക്കു മുന്നിലുണ്ടായ സുരക്ഷാ വീഴ്ചയെ തുടര്‍ന്ന് പരംബീര്‍ സിംഗിനെ കമ്മീഷണര്‍ സ്ഥാനത്തുനിന്ന് നീക്കുകയും ചെയ്തിരുന്നു.
പോലീസ് കമ്മീഷണറുടെ ആരോപണങ്ങളെ തുടര്‍ന്ന് ദേശ്മുഖിനെതിരെ സി.ബി.ഐ കേസെടുത്തിരുന്നു. ഹൈക്കോടതി നിര്‍ദേശപ്രകാരമായിരുന്നു സി.ബി.ഐ പ്രാഥമിക അന്വേഷണം നടത്തിയത്. ഹൈക്കോടതി ഉത്തരവിനു പിന്നാലെ ഏപ്രില്‍ അഞ്ചിനാണ് ദേശ്മുഖ് രാജിവച്ചത്. കള്ളപ്പണം വെളുപ്പിച്ചുവെന്ന കേസ് ചുമത്തിയാണ് ഇ.ഡി അന്വേഷണം നടത്തുന്നത്.






