
ബഹിരാകാശ യാത്രികരുടെ ഏറ്റവും വലിയ പ്രശ്നമാണ് ധരിയ്ക്കുന്ന വസ്ത്രങ്ങള്‍ കഴുകാന്‍ സാധിക്കില്ല എന്നത്. വസ്ത്രം കഴുകാന്‍ മാര്‍ഗമില്ലാത്തതിനാല്‍ 150 പൗണ്ട് അതായത് ഏകദേശം 68 കിലോഗ്രാം വസ്ത്രങ്ങളുമായാണ് ഓരോ ക്രൂ അംഗങ്ങളും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് യാത്ര ചെയ്യുന്നത്. ഇപ്പോള്‍ അതിന് ഒരു പരിഹാര മാര്‍ഗം കണ്ടെത്തിയിരിക്കുകയാണ്. ഡിറ്റര്‍ജന്റ് ബ്രാന്‍ഡായ ടൈഡുമായി സഹകരിച്ചാണ് നാസ പരിഹാരം കാണാന്‍ ഒരുങ്ങുന്നത്.
ബഹിരാകാശ ദൗത്യങ്ങള്‍ക്ക് പോകുന്നവര്‍ ഉപയോഗിക്കുന്ന വസ്ത്രങ്ങളുടെ ദുര്‍ഗന്ധം, ശുചിത്വമില്ലായ്മ, കറ നീക്കം ചെയ്യല്‍ എന്നീ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനു വേണ്ടിയാണ് ബഹിരാകാശ ഡിറ്റര്‍ജന്റ് പ്രത്യേകമായി രൂപകല്‍പ്പന ചെയ്യുന്നതെന്നാണ് ഡെയ്ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പരീക്ഷണങ്ങള്‍ക്കായി ഉത്പന്നങ്ങള്‍ അയയ്ക്കുന്നതിന് നാസയുമായി ടൈഡ് ഒരു ബഹിരാകാശ നിയമ കരാര്‍ ഒപ്പിട്ടിരിക്കുകയാണ്. ഡിറ്റര്‍ജന്റ് കമ്പനി അയയ്ക്കുന്ന ഉത്പന്നങ്ങളില്‍ ഡിറ്റര്‍ജന്റ്, തുടയ്ക്കാനുള്ള ഉത്പന്നങ്ങള്‍, കറ നീക്കം ചെയ്യാനുള്ള പേനകള്‍ എന്നിവ ഉള്‍പ്പെടും.
ഗുരുത്വാകര്‍ഷണം ഇല്ലാത്തതിനാല്‍ ഭാരക്കുറവുമൂലം അസ്ഥികള്‍ക്കും പേശികള്‍ക്കും ഉണ്ടാകുന്ന ബലക്ഷയങ്ങളെ പ്രതിരോധിക്കാന്‍ ബഹിരാകാശത്ത് താമസിക്കുന്ന ബഹിരാകാശയാത്രികര്‍ ദിവസേന രണ്ട് മണിക്കൂര്‍ വ്യായാമം ചെയ്യണം. അപ്പോള്‍ ദുര്‍ഗന്ധവും വിയര്‍പ്പും മൂലം വസ്ത്രങ്ങള്‍ അഴുക്കാകുകയും അവ ഉപേക്ഷിക്കേണ്ടി വരികയും ചെയ്യുന്നുണ്ട്. കുറഞ്ഞ ഗുരുത്വാകര്‍ഷണ സാഹചര്യങ്ങളില്‍ ഡിറ്റര്ജെന്റിന്റെ സ്ഥിരത മനസ്സിലാക്കാനും ബഹിരാകാശത്ത് അനുഭവപ്പെടുന്ന റേഡിയേഷന് തലത്തില്‍ ഇത് എത്രമാത്രം സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തുന്നതിനും വേണ്ടി ക്രൂ അംഗങ്ങള്‍ക്ക് പരിശോധന നടത്താനായി മിഷന് പിജിടൈഡ് പരീക്ഷണവും ടൈഡ് ആരംഭിക്കും. ഈ വര്‍ഷം അവസാനവും അടുത്ത വര്‍ഷം ആദ്യവുമായി ബഹിരാകാശ നിലയത്തിലേക്ക് സോപ്പും, കറ നീക്കം ചെയ്യുന്നതിനുള്ള ഉത്പന്നങ്ങളും ടൈഡ് അയയ്ക്കുമെന്നാണ് റിപ്പോര്‍ട്ട്.






