
ഓസ്ട്രിയൻ സ്പോർട്സ് ബൈക്ക് നിർമാതാക്കളായ കെടിഎം 450 റാലി ഫാക്ടറി റെപ്ലിക്ക എന്നൊരു ലിമിറ്റഡ് എഡിഷൻ ബൈക്കുമായി എത്തിയിരിക്കുകയാണ്. ഈ മോഡലിന്റെ വെറും 80 യൂണിറ്റുകൾ മാത്രം വിൽക്കുകയുള്ളൂ എന്നും കമ്പനി അറിയിച്ചിട്ടുണ്ട്. 2022 450 റാലി ഫാക്ടറി റെപ്ലിക്ക ഡാകർ പോലുള്ള പരിപാടികളിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്കായി പ്രത്യേകം രൂപകൽപ്പന ചെയ്തിരിക്കുന്ന ബൈക്കാണ്.
ഓസ്ട്രിയൻ ബ്രാൻഡ് ഈ റാലി മോട്ടോർസൈക്കിൾ റെഡ് ബുൾ റേസിംഗ് ടീമിന്റെ സഹായം സ്വീകരിച്ചാണ് വികസിപ്പിച്ചിരിക്കുന്നത്. മരുഭൂമിയിലെ മൺകൂനകൾ മുതൽ പാറക്കെട്ടുകൾ വരെയുള്ള ഏറ്റവും തീവ്രമായ സാഹചര്യങ്ങൾ വരെ എളുപ്പത്തിൽ താണ്ടാൻ 2022 റാലി ഫാക്ടറി റെപ്ലിക്കയ്ക്ക് കഴിഞ്ഞേക്കും. 2021 സെപ്റ്റംബർ മുതലെ ബൈക്ക് നിർമിക്കുകയുള്ളൂ എന്നാണ് റിപ്പോർട്ട്.
പൂർണമായും ക്രമീകരിക്കാവുന്ന WP XACT PRO ഷോക്ക് അബ്സോർബർ, നൂതന കോൺ വാൽവ് സാങ്കേതികവിദ്യ, ഉയർന്ന നിലവാരമുള്ള അക്രാപ്വിക് എക്സ്ഹോസ്റ്റ് എന്നിവ ഉൾക്കൊള്ളുന്ന WP XACT PRO കാർട്രിഡ്ജ് ഫ്രണ്ട് ഫോർക്കാണ് 450 റാലി ഫാക്ടറി റെപ്ലിക്കയിൽ ലഭിക്കുക. ഇലക്ട്രോണിക് ഇഞ്ചക്ഷൻ യൂണിറ്റുള്ള 450 സിസി SOHC സിംഗിൾ-ഷാഫ്റ്റാണ് എഞ്ചിൻ എന്നാണ് സൂചന.






