
ക്രേറ്റ എസ് യു വിയ്ക്ക് പുത്തൻ വകഭേദമായ ‘എസ് എക്സ് എക്സിക്യൂട്ടീവു’മായി ഹ്യുണ്ടേയ് മോട്ടോർ ഇന്ത്യ. പെട്രോൾ എൻജിനുള്ള ക്രേറ്റ എസ് എക്സ് എക്സിക്യൂട്ടീവിന് 13.18 ലക്ഷം രൂപയാണു ഷോറൂം വില. ഡീസൽ പതിപ്പിന് ഒരു ലക്ഷം രൂപ കൂടി അധികം നൽകണം. പെട്രോൾ, ഡീസൽ എൻജിനുകളോടെ വിൽപ്പനയ്ക്കുള്ള ഈ ക്രേറ്റയിൽ മാനുവൽ ഗീയർബോക്സ് മാത്രമാണു ട്രാൻസ്മിഷൻ.
1.5 ലീറ്റർ പെട്രോൾ, 1.5 ലീറ്റർ സി ആർ ഡി ഐ ഡീസൽ എൻജിനുകളാണ് ക്രേറ്റ എസ് എക്സ് എക്സിക്യൂട്ടീവിനു കരുത്തേകുന്നത്. പെട്രോൾ എൻജിന് പരമാവധി 113 ബി എച്ച് പി വരെ കരുത്തും 144 എൻ എമ്മോളം ടോർക്കും സൃഷ്ടിക്കാനാവും; സി ആർ ഡി ഐ ഡീസൽ എൻജിൻ 113 ബി എച്ച് പി കരുത്തും 250 എൻ എം വരെ ടോർക്കുമാണു ഉത്പാദിപ്പിക്കുക. ആറു സ്പീഡ് മാനുവൽ ഗീയർബോക്സാണു ട്രാൻസ്മിഷൻ.
എസ് എക്സ് എക്സിക്യൂട്ടീവിന്റെ സ്ഥാനം ക്രേറ്റയുടെ എസ് എക്സ് വകഭേദത്തിനു തൊട്ടു താഴെയാണ്. ‘എസ് എക്സി’നെ അപേക്ഷിച്ചു ചില ഫീച്ചറുകളിൽ വിട്ടുവീഴ്ച ചെയ്താണ് ‘എസ് എക്സ് എക്സിക്യൂട്ടീവ്’ വകഭേദത്തിന്റെ വിലയിൽ ഹ്യുണ്ടേയ് 78,000 രൂപയുടെ ഇളവ് നൽകിയത്. ക്രോം ഡോർ ഹാൻഡിൽ, ആർകമീസ് സൗണ്ട് സിസ്റ്റം, ശബ്ദം തിരിച്ചറിഞ്ഞു പ്രവർത്തിക്കുന്ന ബട്ടൻ എന്നിവയൊന്നും പുത്തൻ ക്രേറ്റയിൽ ലഭ്യമല്ല. മാത്രമല്ല, ബ്ലൂ ലിങ്ക് കണക്ടിവിറ്റി സഹിതമുള്ള, 10.25 ഇഞ്ച് ടച് സ്ക്രീൻ ഇൻഫൊടെയ്ൻമെന്റ് സംവിധാനവും വാഹനത്തിലില്ല; പകരം ‘ക്രേറ്റ എസ് എക്സ് എക്സിക്യൂട്ടീവി’ൽ എട്ട് ഇഞ്ച് ടച് സ്ക്രീൻ ഇൻഫൊടെയ്ൻമെന്റ് സിസ്റ്റമാണ് ഒരുങ്ങുന്നത്.






