റിലയൻസ് ഇൻഡസ്ട്രീസിന്റെ 44-മത് വാർഷിക സമ്മേളനം ജൂൺ 24ന് നടന്നു. കൊവിഡ് 19 മഹാമാരിയുടെ പശ്ചാത്തലത്തിൽ വിർച്വൽ ആയി ആണ് സമ്മേളനം നടന്നത്. എന്നാൽ, ഏറെ പ്രതീക്ഷിച്ചിരുന്ന വിലക്കുറവുള്ള ജിയോ 5ജി സ്മാർട്ട്ഫോൺ പ്രഖ്യാപനം ഉണ്ടായില്ല. അതേസമയം, ഗൂഗിളുമായി സഹകരിച്ച് ജിയോഫോൺ നെക്സ്റ്റ് എന്ന പേരിൽ ലോകത്തെ ഏറ്റവും വിലക്കുറവുള്ള 4ജി സ്മാർട്ട്ഫോൺ റിലയൻസ് പ്രഖ്യാപിച്ചതായി ആണ് റിപ്പോർട്ട്.
സെപ്റ്റംബർ 10ന് ഗണേശ ചതുർഥി ദിനത്തിലാണ് ജിയോഫോൺ നെക്സ്റ്റ് വിപണിയിലെത്തുക. 2ജി കണക്ടിവിറ്റിയിൽ നിന്നും 4ജി കണക്റ്റിവിറ്റിയിലേക്ക് അപ്ഗ്രേഡുചെയ്യാൻ ആഗ്രഹിക്കുന്നവർക്കുള്ള വിലക്കുറവുള്ള ഫോൺ ആയാണ് ജിയോഫോൺ നെക്സ്റ്റ് പ്രഖ്യാപിച്ചിരിക്കുന്നത്. എത്രയാണ് വില എന്ന് പ്രഖ്യാപിച്ചിട്ടില്ല. എന്നാൽ, അത്ഭുതപ്പെടുത്തുന്ന വിലയായിരിക്കും എന്ന് മുകേഷ് അംബാനി പറഞ്ഞു.
ജിയോഫോൺ നെക്സ്റ്റ് പ്രവർത്തിക്കുന്നത് ആൻഡ്രോയിഡ് അടിസ്ഥാനമായ ജിയോയ്ക്കായി പ്രത്യേകം തയ്യാറാക്കിയ ഓപ്പറേറ്റിംഗ് സിസ്റ്റത്തിലായിരിക്കും എന്ന് ഗൂഗിൾ സിഇഓയും അടുത്തിടെ ചെയർമാൻ സ്ഥാനത്ത് എത്തിയ സുന്ദർ പിച്ചൈ വീഡിയോ കോൺഫറൻസിങ്ങിലൂടെ വ്യക്തമാക്കി. ഈ ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ പേര് ജിയോഓഎസ് എന്നായിരിക്കും എന്നാണ് സൂചന. വോയ്സ് അസിസ്റ്റന്റ്, ഗൂഗിൾ പ്ലേ സ്റ്റോർ സേവനം, സ്ക്രീനിൽ വരുന്ന ടെക്സ്റ്റുകൾ സ്വയമേവ വായിക്കാൻ കഴിയുന്ന സംവിധാനം, ഭാഷാ വിവർത്തന ഫീച്ചർ എന്നീ ഫീച്ചറുകൾ ജിയോഫോൺ നെക്സ്റ്റിൽ ലഭിച്ചേക്കും.






