
മുംബൈ: കള്ളപ്പണ കേസില്‍ മഹാരാഷ്ട്ര മുന്‍ ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖിന്റെ പേഴ്സണല്‍ അസിസ്റ്റന്റിനേയും സെക്രട്ടറിയേയും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റു ചെയ്തു. പി.എ കുന്ദന്‍ ഷിന്‍ഡെ, പി.എസ് സഞ്ജീവ് പണ്ഡാലെ എന്നിവരാണ് അറസ്റ്റിലായത്.
ദേശ്മുഖിന്റെ നാഗ്പൂരിലെയും മുംബൈയിലേയും വീടുകളില്‍ അടക്കം അഞ്ചിടങ്ങളില്‍ ഇന്നലെ ഇ.ഡി പരിശോധന നടത്തിയിരുന്നു.
തനിക്കെതിരെ മുംബൈ മുന്‍ പോലീസ് കമ്മീഷണര്‍ പരംബീര്‍ സിംഗ് നടത്തിയത് തെറ്റായ പ്രചാരണമാണെന്നും സംശയകരമായ പെരുമാറ്റത്തെ തുടര്‍ന്ന് പരംബീറിനെ ചുമതലയില്‍ നിന്നു നീക്കിയതിന്റെ പ്രതികാരമാണ് തനിക്കെതിരായ ആരോപണമെന്നും അനില്‍ ദേശ്മുഖ് ഇന്നലെ പറഞ്ഞിരുന്നു. 100 കോടി രൂപയോളം അന്യായമായി പരിച്ചെടുക്കാന്‍ പോലീസിന് ദേശ്മുഖ് നിര്‍ദേശം നല്‍കിയെന്നായിരുന്നു പരംബീര്‍ സിംഗിന്റെ ആരോപണം.
സി.ബി.ഐ കേസെടുത്തതിനു പിന്നാലെ ഇ.ഡിയും കള്ളപ്പണ കേസില്‍ ദേശ്മുഖിനെതിരെ അന്വേഷണം ആരംഭിച്ചിരുന്നു. അഴിമതി നിരോധന നിയമം, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങളാണ് സി.ബി.ഐ ചുമത്തിയിരിക്കുന്നത്.






