
ടാറ്റ മോട്ടോർസ് തങ്ങളുടെ ആദ്യ ഇലക്ട്രിക്ക് എസ്യുവിയായ നെക്സോൺ ഇവിയെ 2020 ജനുവരിയിലാണ് അവതരിപ്പിച്ചത്. ഇപ്പോളിതാ ചില മാറ്റങ്ങളോടെ നെക്സോൺ ഇവിയെ ടാറ്റ മോട്ടോർസ് പരിഷ്കരിച്ചു എന്നാണ് റിപ്പോർട്ട്. ആദ്യത്തെ മാറ്റം 7.0-ഇഞ്ച് ടച്ച്സ്ക്രീൻ യൂണിറ്റിന്റെ താഴെയായി ക്രമീകരിച്ചിരുന്ന ഡയലുകൾ ഒഴിവാക്കി പൂർണമായും ടച് സ്ക്രീനാക്കി എന്നതാണ്.
എസി വെന്റുകൾക്ക് കീഴെയായി സ്ഥാപിച്ചിരുന്ന ഡയലുകളുടെ സ്ഥാനത്ത് ഇപ്പോൾ നെക്സോൺ ബ്രാൻഡിങ് ആണ്. എക്സ്റ്റീരിയർ നോക്കിയാൽ അലോയ് വീലിന്റെ ഡിസൈനിൽ മാറ്റം കാണാം. ഡ്യുവൽ ടോൺ ഫിനിഷിൽ 5 സ്പോക്ക് അലോയ് വീൽ ആണ് പുതുതായി നൽകിയത്. പെട്രോൾ, ഡീസൽ എഞ്ചിനുകളുള്ള നെക്സോൺ എസ്യുവിക്ക് മേല്പറഞ്ഞ രണ്ട് മാറ്റങ്ങളും സമാനമായാണ് പരിഷ്കരിച്ചിരിക്കുന്നത്.
പുതിയ പരിഷ്കാരങ്ങൾ നൽകിയെങ്കിലും വില ഉയർന്നിട്ടില്ല. നെക്സോൺ ഇവി XM, XZ+, XZ+ ലക്സ് എന്നിങ്ങനെ മൂന്ന് വേരിയന്റുകളിൽ ലഭ്യമാണ്, ഇതിന് യഥാക്രമം 13.99 ലക്ഷം, 14.99 ലക്ഷം, 15.99 ലക്ഷം എന്നിങ്ങനെയായിരുന്നു ലോഞ്ച് വില. എന്നാൽ, ഈ വർഷത്തിന്റെ തുടക്കത്തിലും മെയിലുമായി രണ്ടു തവണ XM പതിപ്പ് ഒഴിച്ച് ബാക്കി രണ്ട് വേരിയന്റുകളുടെയും വില ടാറ്റ മോട്ടോർസ് വർദ്ധിപ്പിച്ചിരുന്നു. ഇതനുസരിച്ച് പുതിയ വില XZ+ പതിപ്പിന് 15.56 ലക്ഷം, XZ+ ലക്സ് പതിപ്പിന് 16.56 ലക്ഷം എന്നിങ്ങനെയാണ്.
ടാറ്റ മോട്ടോർസ് വികസിപ്പിച്ചെടുത്ത ‘സിപ്ട്രോൺ’ എന്ന വൈദ്യുത പവർട്രെയിനിൽ ആണ് നെക്സോൺ ഇവി ഒരുങ്ങുന്നത്.നെക്സോൺ ഇവിയുടെ കരുത്ത് IP67 മാനദണ്ഡങ്ങൾ പാലിക്കുന്ന 30.2 kWh ലിഥിയം അയൺ ബാറ്ററിയിൽ നിന്ന് ഊർജം സ്വീകരിച്ചു പ്രവർത്തിക്കുന്ന പെർമനെന്റ് മാഗ്നെന്റിക് എസി ഇലക്ട്രിക്ക് മോട്ടറാണ് . ഈ ഇലക്ട്രിക് മോട്ടോർ 129 പിഎസ് പവറും 245 എൻഎം ടോർക്കും ഉത്പാദിപ്പിക്കും.






