പുതിയ ട്രേസർ 9 GT എബിഎസ് സ്പോർട്സ് ടൂറർ മോട്ടോർസൈക്കിളിനെ ജപ്പാനീസ് വിപണിയിൽ അവതരിപ്പിച്ച് യമഹ. ഈ പ്രീമിയം ബൈക്കിനെ പരിഷ്ക്കരിച്ച MT-09 എബിഎസിനെ അടിസ്ഥാനമാക്കിയാണ് ഒരുക്കിയിരിക്കുന്നത് എന്നാണ് റിപ്പോർട്ട്. ചെറിയ മാറ്റങ്ങളോടെയാണ് മോഡൽ എത്തുന്നത്.
പുതുക്കിയ ബോഡി ഘടനയും സ്റ്റൈലിംഗും, നവീകരിച്ച സസ്പെൻഷൻ സജ്ജീകരണം, ഒരു പുതിയ എഞ്ചിൻ, ഫ്രെയിം, ഭാരം കുറഞ്ഞ അലുമിനിയം വീലുകൾ, ഐഎംയു തുടങ്ങിയവ നൽകി. അധിക ഫെയറിംഗ്, ഉയരമുള്ള വിൻഡ്സ്ക്രീൻ, നക്കിൾ ഗാർഡുകൾ, അണ്ടർബെല്ലി എക്സ്ഹോസ്റ്റ് എന്നിവയും ലഭിക്കുന്നു. പ്രീമിയം സ്പോർട്സ് ടൂററിന്റെ 1000 യൂണിറ്റുകൾ പ്രതിവർഷം ആഭ്യന്തര വിപണിയിൽ വിറ്റഴിക്കാനാണ് കമ്പനിയുടെ പദ്ധതി എന്നാണ് റിപ്പോർട്ട്.
സ്പ്ലിറ്റ് സീറ്റ് സജ്ജീകരണം, സൈഡ് കേസിനുള്ള സ്റ്റേ, ചങ്കി 18 ലിറ്റർ ഫ്യുവൽ ടാങ്ക് എന്നിവയാണ് ട്രേസർ 9 GTയുടെ മറ്റു പ്രത്യേകതകൾ. എൽഇഡി ഹെഡ്ലാമ്പ്, പുനർരൂപകൽപ്പന ചെയ്ത ടെയിൽ ലാമ്പും സ്പോർട്സ് ടൂററിന്റെ ലുക്ക് വർദ്ധിപ്പിക്കുന്നു. 888 സിസി ഇൻലൈൻ ത്രീ സിലിണ്ടർ വാട്ടർ-കൂൾഡ് എഞ്ചിനാണ് ട്രേസർ 9 GT എബിഎസ് മോഡലിന്റെ കരുത്ത്. ഇത് 10,000 rpm-ൽ പരമാവധി 118 bhp കരുത്തും 7,000 rpm-ൽ 93 Nm torque ഉം ഉത്പാദിപ്പിക്കുന്നു. ആറ് സ്പീഡ് ഗിയർബോക്സ് നൽകി. ബ്രേക്കിംഗിനായി മുന്നിൽ ഇരട്ട ഡിസ്കും പിന്നിൽ സിംഗിൾ ഡിസ്ക്കുമാണ് ഉപയോഗിച്ചിരിക്കുന്നത്. ബ്ലൂഷ് വൈറ്റ് മെറ്റാലിക് 2, വിവിഡ്രഡ് സോളിഡ് K, മാറ്റ് ഡാർക്ക് ഗ്രേ മെറ്റാലിക് A എന്നീ നിറങ്ങളിൽ ബൈക്ക് ലഭിക്കും.






