ടാറ്റ മോട്ടോർസ് തങ്ങളുടെ ഏറ്റവും വിലക്കുറവുള്ള ഹാച്ച്ബാക്ക് ആയ ടിയാഗോയുടെ XT (O) പതിപ്പ് വിപണിയിലെത്തിച്ചു. 5.48 ലക്ഷം ആണ് ടിയാഗോ XT (O)യുടെ എക്സ്-ഷോറൂം വില എന്നാണ് റിപ്പോർട്ട്. അതായത് ഏറ്റവും വിലക്കുറവുള്ള XE പതിപ്പിന് ( 5.0 ലക്ഷം രൂപ) മുകളിയായി സ്ഥാനം ചെയ്തിരിക്കുന്ന പുതിയ XT (O) വേരിയന്റിന് XT പതിപ്പിനേക്കാൾ (5.63 ലക്ഷം രൂപ) 15,000 രൂപ കുറവാണ്.
XT (O) പതിപ്പിൽ ഹർമൻ കണക്ട്നെക്സ്റ്റ് ഇൻഫോടൈന്മെന്റ് സിസ്റ്റം ടാറ്റ മോട്ടോർസ് ഒഴിവാക്കി. ഇത് വിലകുറയാൻ കാരണമായി. എന്നാൽ, 4 സ്പീക്കറുകളും സ്റ്റിയറിങ് മൗണ്ടഡ് കൺട്രോളുകളും തുടർന്നും ലഭിക്കും. ഇഷ്ട്ടമുള്ള ആഫ്റ്റർ മാർക്കറ്റ് ഇൻഫോടൈമെന്റ് സിസ്റ്റം തിരഞ്ഞെടുക്കാനുള്ള അവസരമാണ് ടിയാഗോ XT (O) ഇതിലൂടെ നൽകുന്നത്. മാനുവൽ എയർ-കോൺ, സെൻട്രൽ ലോക്കിംഗ്, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ഡിസ്പ്ലേ, മുൻപിലും പിറകിലും പവർ വിൻഡോകൾ, ഇലക്ട്രിക്കായി ക്രമീകരിക്കാവുന്ന റിയർ വ്യൂ മിററുകൾ, മൾട്ടി-ഇൻഫോ ഡിസ്പ്ലേ എന്നിങ്ങനെ ടിയാഗോ XTയിലെ എല്ലാ ഫീച്ചറുകളും ടിയാഗോ XT (O)യിലും നൽകി.
സുരക്ഷയ്ക്കായി ഇരട്ട എയർബാഗുകൾ, ഇബിഡിയുള്ള എബിഎസ്, റിയർ പാർക്കിംഗ് സെൻസറുകൾ എന്നിവയാണ് ഒരുക്കിയിരിക്കുന്നത്. ബിഎസ്6 അനുസരിച്ച് പരിഷ്കരിച്ച 86 എച്ച്പി പവറും 113 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്ന പെട്രോൾ എൻജിനാണ് ടിയാഗോയിൽ. XT (O) പതിപ്പ് 5-സ്പീഡ് മാന്വൽ ട്രാൻസ്മിഷനിൽ മാത്രമേ ലഭിക്കൂ. ഉയർന്ന വേരിയന്റുകൾ എഎംടി ഓട്ടോമാറ്റിക് ഗിയർബോക്സിലും നൽകി.






