ക്വാണ്ട ഇലക്ട്രിക് ബൈക്ക് ഗ്രാവ്ടൺ ഇന്ത്യയിൽ അവതരിപ്പിച്ചു. 99,000 രൂപ എക്സ്-ഷോറൂം വിലയ്ക്കാണ് ഇത് എത്തുന്നത്. ബൈക്ക് 1,000 രൂപയ്ക്ക് ബുക്കിംഗ് തുക നൽകി ഓൺലൈനിൽ വാങ്ങാനാകും. ഒരൊറ്റ വേരിയന്റിൽ മാത്രമേ ക്വാണ്ട ഇലക്ട്രിക് ലഭ്യമാകു. റിപ്പോർട്ട് പ്രകാരം പരിമിതമായ ഉപഭോക്താക്കൾക്ക് കമ്പനി ഗ്രാവ്ടൺ ചാർജിംഗ് സ്റ്റേഷൻ സൗജന്യമായി വാഗ്ദാനം ചെയ്യുന്നു.
റെഡ്, വൈറ്റ്, ബ്ലാക്ക് കളർ ഓപ്ഷനുകളിൽ ലഭ്യമാണ്. എന്നാൽ, ബ്ലാക്ക് നിറം ഒരു സ്പെഷ്യൽ എഡിഷൻ മോഡലാണെന്നും ഇവയുടെ എണ്ണം പരിമിതമാണെന്നും കമ്പനി പറയുന്നു. ഉയർന്ന ഹാൻഡിൽബാറുകൾ, സിംഗിൾ പീസ് സീറ്റ്, ക്രാഷ് പ്രൊട്ടക്റ്ററുകൾ, റിയർ ഗ്രാബ് റെയിലുകൾ, എൽഇഡി ഇൻഡിക്കേറ്ററുകൾ, എൽഇഡി ടെയിൽലാമ്പ്, സാരി ഗാർഡ്, പൂർണ്ണ-ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ എന്നിവ സവിശേഷതകളാണ്.
ക്വാണ്ടയുടെ ഇലക്ട്രിക് പവർട്രെയിനിൽ 3.0 കിലോവാട്ട് BLDC റിയർ-ഹബ് മോട്ടോർ 3kWh ലിഥിയം-അയൺ ഡിറ്റാച്ചബിൾ ബാറ്ററിയുമായി ചേർത്തുവെയ്ക്കുന്നു. ഫുൾ ചാർജിൽ പരമാവധി 150 കിലോമീറ്റർ ശ്രേണി നൽകുമെന്നാണ് നിർമ്മാതാക്കൾ അവകാശപ്പെടുന്നത്. കൂടാതെ, മറ്റൊരു ബാറ്ററി ചേർത്തുകൊണ്ട് ശ്രേണി 320 കിലോമീറ്ററായി വർധിപ്പിക്കാൻ സാധിക്കും.ക്വാണ്ടയ്ക്ക് വെറും 80 രൂപ ചെലവിൽ 800 കിലോമീറ്റർ സഞ്ചരിക്കാനാകുമെന്ന് കമ്പനി പറയുന്നു. 4.2 സെക്കൻഡിനുള്ളിൽ 45 കിലോമീറ്റർ വരെ വേഗത കൈവരിക്കാൻ ഇലക്ട്രിക് ബൈക്കിന് കഴിയുമെന്നാണ് റിപ്പോർട്ട്.






