2021 മോഡല്‍ റേഞ്ച് റോവര്‍ സ്പോര്‍ട്ട് എസ്വിആര് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചതായി ലാന്‍ഡ് റോവര്‍ ഇന്ത്യ പ്രഖ്യാപിച്ചു. എക്സ് ഷോറൂം വില 2.19 കോടി രൂപ മുതലാണ് ആരംഭിക്കുന്നത്. ലാന്‍ഡ് റോവര്‍ നിര്‍മിച്ച എക്കാലത്തെയും ഏറ്റവും പവര്‍ഫുള്‍ വാഹനമാണ് റേഞ്ച് റോവര്‍ സ്പോര്‍ട്ട് എസ്വിആര്. ലാന്‍ഡ് റോവറിന്റെ ‘സ്പെഷല്‍ വെഹിക്കിള്‍ ഓപ്പറേഷന്‍സ്’ വിഭാഗം നിര്‍മിച്ച കരുത്തുറ്റ സൂപ്പര്‍ചാര്‍ജ്ഡ് എന്‍ജിനിലാണ് ആഡംബര, പെര്‍ഫോമന്‍സ് എസ്യുവി എത്തുന്നത്.
വാഹനം യുകെയിലെ കോവെന്‍ട്രിയില്‍ പൂര്‍ണമായി നിര്‍മിച്ചശേഷം ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുകയാണ്.റേഞ്ച് റോവര്‍ സ്പോര്‍ട്ട് എസ്വിആര് ബ്രിട്ടീഷ് വാഹന നിര്‍മാതാക്കളുടെ ഫ്ളാഗ്ഷിപ്പ് മോഡലാണ്. 2021 റേഞ്ച് റോവര്‍ സ്പോര്‍ട്ട് എസ്വിആര് ഉപയോഗിക്കുന്നത് 5.0 ലിറ്റര്‍, സൂപ്പര്‍ചാര്‍ജ്ഡ്, വി8 പെട്രോള്‍ എന്‍ജിനാണ്. ഈ എൻജിൻ 567 ബിഎച്ച്പി കരുത്തും 700 എന്‍എം ടോര്‍ക്കും പരമാവധി ഉല്‍പ്പാദിപ്പിക്കും. 8 സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ എന്‍ജിനുമായി ഘടിപ്പിച്ചു.
പൂജ്യത്തില്‍നിന്ന് മണിക്കൂറില്‍ നൂറ് കിലോമീറ്റര്‍ വേഗം കൈവരിക്കുന്നതിന് 4.5 സെക്കന്‍ഡ് മതി.ഭാരം കുറഞ്ഞ അലുമിനിയം ആര്‍ക്കിടെക്ച്ചറിലാണ് നിര്‍മിച്ചിരിക്കുന്നത്. ടോപ് സ്പീഡ് മണിക്കൂറില്‍ 280 കിലോമീറ്ററാണ്. ബ്രേക്കുകള്‍ക്ക് മുമ്പത്തേക്കാള്‍ കൂളിംഗ് ലഭിക്കുന്നതിന് ബംപറില്‍ പുതിയ വലിയ എയര്‍ ഇന്‍ടേക്കുകള്‍ നല്കി. എസ്യുവിയുടെ പിറകില്‍ ബോഡിയുടെ അതേ നിറമുള്ള ഡീട്ടെയ്ലിംഗ് കാണാം.






