ആൽട്രോസ് ഹാച്ച്ബാക്കിനും നെക്സോൺ എസ്യുവിയ്ക്കും സ്പെഷ്യൽ എഡിഷൻ മോഡൽ അവതരിപ്പിക്കാനൊരുങ്ങുകയാണ് ടാറ്റ മോട്ടോഴ്സ്. ആൾട്രോസിന്റെയും, നെക്സോണിന്റെയും സ്പെഷ്യൽ എഡിഷൻ മോഡലുകൾ കറുപ്പ് മുങ്ങിക്കുളിച്ച വിധം സ്പോർട്ടി ലുക്കിലാണ് പുണെയിലെ ഒരു ഡീലർ സ്റ്റോക്ക് യാർഡിൽ കണ്ടെത്തിയത്. അതുകൊണ്ട് തന്നെ ഇത് ഉടൻ അവതരിപ്പിക്കാൻ പോകുന്ന സ്പെഷ്യൽ എഡിഷൻ മോഡലുകൾ 'ഡാർക്ക് എഡിഷൻ' എന്ന പേരിലാവും എത്തുക എന്ന വ്യക്തമാക്കുന്നു.
ആൽട്രോസ്, നെക്സോൺ, ടിയാഗോ, ടിഗോർ, സഫാരി വാഹനങ്ങളുടെ ഡാർക്ക് എഡിഷനായി കഴിഞ്ഞ വർഷം സെപ്റ്റംബറിൽ തന്നെ ടാറ്റ മോട്ടോർസ് പേര് രജിസ്റ്റർ ചെയ്തിരുന്നു. 2019 ഓഗസ്റ്റിൽ വില്പനക്കെത്തിയ ഹാരിയർ ഡാർക്ക് എഡിഷൻ വമ്പൻ വിജയം നേടിയതോടെയാണ് ടാറ്റ മോട്ടോഴ്സിന്റെ പുതിയ തീരുമാനം. ഹാരിയറിന് ശേഷം ആൽട്രോസിനെയും, നെക്സോണെയുമാവും ഡാർക്ക് എഡിഷനിൽ ടാറ്റ അവതരിപ്പിക്കുക.
ടിയാഗോ, ടിഗോർ, സഫാരി വാഹനങ്ങളുടെ ഡാർക്ക് എഡിഷനും ഉടൻ എത്തുമെന്ന് സൂചനയാണ് ഇത് നൽകുന്നു. 1.2-ലിറ്റർ നാച്ചുറലി അസ്പിറേറ്റഡ് 3-സിലിണ്ടർ പെട്രോൾ, 1.5-ലിറ്റർ ഡീസൽ എന്നിവയാണ് ആൽട്രോസ് ലഭ്യമായ എൻജിനുകൾ. 1.2-ലിറ്റർ ടർബോ-പെട്രോൾ, 1.5-ലിറ്റർ ഡീസൽ എൻജിനുകൾ തന്നെയാണ് പുത്തൻ നെക്സോണിൽ. 6-സ്പീഡ് മാന്വൽ, എഎംടി എന്നവയാണ് ഗിയർബോക്സ് ഓപ്ഷനുകൾ.






