
ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്കൂട്ടര്‍ ഇന്ത്യ തങ്ങളുടെ ഉപയോക്താക്കള്‍ക്ക് മോട്ടോര്‍സൈക്കിളുകള്‍ ഡെലിവറി ചെയ്തുതുടങ്ങി. ലോക്ക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചതോടെ ആണ് കമ്പനിയുടെ ഈ നീക്കം. ഉപയോക്താക്കള്‍ക്ക് മുംബൈയിലെ ബിഗ്വിംഗ് ടോപ്ലൈന്‍ ഷോറൂമില്‍നിന്ന് ബൈക്കുകള്‍ ഡെലിവറി ചെയ്തു. കൊവിഡ് 19 പ്രോട്ടോക്കോളുകളും സംസ്ഥാന സര്‍ക്കാരിന്റെ ഇളവുകളും ഉറപ്പാക്കിയാണ് വാഹനങ്ങളുടെ വിതരണം ആരംഭിച്ചത്.
റിപ്പോർട്ട് പ്രകാരം സിബി650ആര്, സിബിആര്‍650ആര് എന്നീ നിയോ സ്പോര്‍ട്സ് കഫേ മോഡലുകളുടെ പതിനഞ്ച് ഉപയോക്താക്കള്‍ക്ക് ഒരേദിവസം തന്നെ താക്കോല്‍ കൈമാറി. മാത്രമല്ല, ഗോള്‍ഡ് വിംഗ് ടൂറിന്റെ ആദ്യ ബാച്ചിലെ മുഴുവന്‍ ബൈക്കുകളുടെയും ബുക്കിംഗ് 24 മണിക്കൂറിനകം പൂര്‍ത്തിയായി. 37.20 ലക്ഷം രൂപ മുതലാണ് ഗോള്‍ഡ് വിംഗ് ടൂര്‍ മോട്ടോര്‍സൈക്കിളിന്റെ ഗുരുഗ്രാം എക്സ് ഷോറൂം വില ആരംഭിക്കുന്നത്.
കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവുകള്‍ വരുത്തുകയും വിപണികള്‍ വീണ്ടും തുറക്കുകയും സ്ഥിതിഗതികള്‍ മെച്ചപ്പെടുകയും ചെയ്തതോടെ ഹോണ്ടയുടെ എല്ലാ ബിഗ്വിംഗ് ടച്ച് പോയന്റുകളും അതത് സംസ്ഥാനത്തെ കോവിഡ് പ്രോട്ടോക്കോളുകള്‍ പാലിച്ച് പ്രവര്‍ത്തനസജ്ജമാണെന്ന് ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്കൂട്ടര്‍ ഇന്ത്യ ഡയറക്റ്റര്‍ (സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിംഗ്) യാദവീന്ദര്‍ സിംഗ് ഗുലേരിയ പറഞ്ഞു.






