2023 ഓടെ 20 ലക്ഷം രൂപയിൽ താഴെ വിലയുള്ള വൈദ്യുത വാഹനം (ഇ വി) വിൽപനയ്ക്കെത്തിക്കാനുള്ള ഒരുക്കത്തിലാണ് എം ജി മോട്ടോർ ഇന്ത്യ. എം ജിയുടെ മോഡൽ ശ്രേണിയിൽ നിലവിൽ വൈദ്യുത എസ് യു വിയായ ‘സെഡ് എസ്’ ആണ് ഉള്ളത്. ‘സെഡ് എസ് ഇ വി’യുടെ ഷോറൂം വില 21 ലക്ഷം രൂപ മുതൽ 24.18 ലക്ഷം രൂപ വരെയാണ്.
എസ് യു വികളായ ഹെക്ടർ, ഗ്ലോസ്റ്റർ എന്നിവയും വിൽക്കുന്ന എം ജി മോട്ടോർ, സെഡ് എസ് ഇ വിയുടെ 3,000 യൂണിറ്റാണ് ഇതുവരെ വിറ്റത്. "ഇതുവരെയുള്ള വൈദ്യുത വാഹന വിൽപനയുടെ പ്രകടനം സന്തോഷകരമാണെന്ന് എം ജി മോട്ടോർ ഇന്ത്യ പ്രസിഡന്റും മാനേജിങ് ഡയറക്ടറുമായ രാജീവ് ഛാബ വിലയിരുത്തുന്നു. അതുകൊണ്ടുതന്നെ ഇന്ത്യയിൽ കൂടുതൽ വൈദ്യുത മോഡലുകൾ വിൽപ്പനയ്ക്കെത്തിക്കാനും ഈ വിഭാഗത്തിലെ രണ്ടാമത് മോഡലായി 20 ലക്ഷം രൂപയിൽ താഴെ വിലയുള്ള ഇ വിയാണു പരിഗണിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.
എക്സൈറ്റ്, എക്സ്ക്ലുസീവ് എന്നീ രണ്ട് വേരിയന്റുകളില്‍ ഇന്ത്യയിലെത്തിയ സെഡ് എസ് ഇ വിക്ക് 44.5 കിലോവാട്ട് ലിക്വിഡ് കൂള്‍ ബാറ്ററി പാക്കാണ് കരുത്തേകുന്നത്. പുതിയ ഹെക്ടറില്‍ നല്‍കിയിട്ടുള്ള ഐ സ്മാര്‍ട്ട് കണക്ടഡ് കാര്‍ സംവിധാനം ഇലക്ട്രിക്ക് എസ്.യു.വിയിൽ ലഭ്യമാണ്.






