
ബേപ്പൂർ: സ്വന്തം നാട്ടിലെ എംഎൽഎ ആരാണെന്ന് ചോദിക്കുമ്പോൾ അറിയില്ലെന്നു പറഞ്ഞാൽ ആ കുട്ടിയെ പിടിച്ച് ഉമ്മ വയ്ക്കുകയാണോ വേണ്ടതെന്ന് മിസോറം ഗവർണർ പി.എസ്.ശ്രീധരൻ പിള്ള. ജനാധിപത്യ വ്യവസ്ഥയിൽ വളർന്നു വരുന്ന കുട്ടികൾ എംഎൽഎയെ വിളിച്ചു ഫോൺ റെക്കോർഡ് ചെയ്യുന്ന സ്ഥിതി വരെയായെന്നും പറഞ്ഞു. വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണ പരിപാടിയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സ്വന്തം എംഎൽഎയുടെ പേര് അറിയില്ല എന്നു പറഞ്ഞപ്പോൾ ചൂരൽ കൊണ്ട് അടിക്കണമെന്ന് മുകേഷ് പറഞ്ഞതിനെ അദ്ദേഹം ന്യായീകരിച്ചു. ഇത്തരം പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കുകയാണോ വേണ്ടതെന്ന് ചോദിച്ച ശ്രീധരന്‍പിള്ള സാമൂഹിക ജീവിതത്തിൽ പുതിയ തലമുറ എങ്ങോട്ട് പോകുന്നു എന്ന കാര്യം കൂടി ചിന്തിക്കേണ്ടതുണ്ടെന്നും പറഞ്ഞു. എംഎല്‍എ സത്യപ്രതിജ്ഞാ ലംഘനം നടത്തിയെന്ന് ആരോപിച്ചു യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധവുമായി എത്തിയിരിക്കുമ്പോഴാണ് മുകേഷിന് പിന്തുണയുമായി ശ്രീധരന് പിള്ള രംഗത്ത വന്നത്.
കഴിഞ്ഞദിവസം കൊല്ലത്ത് ഫിഷറീസ് വകുപ്പിന്റെ യോഗത്തില്‍ പങ്കെടുമ്പോഴാണ് എംഎല്‍എയെ പത്താം ക്ലാസ് വിദ്യാര്‍ഥിയെന്ന് പരിചയപ്പെടുത്തി ഫോണ്‍ വന്നത്. പ്രശ്നം പരിഹരിച്ചെന്ന് സ്ഥലത്തെത്തിയ ഒറ്റപ്പാലം മുന്‍ എംഎല്‍എ എം. ഹംസ വ്യക്തമാക്കി. കുട്ടിയുടെ മാതാപിതാക്കള്‍ സിപിഎം പ്രവര്‍ത്തകരാണ്. കുട്ടി ബാലസംഘം പ്രവര്‍ത്തകനും. അതിനാല്‍തന്നെ ഗൂഢാലോചനയുടെ പ്രശ്നം ഉണ്ടാകുന്നില്ലെന്നും എം. ഹംസ വ്യക്തമാക്കി.
മുകേഷിന്റെ ആനന്ദവല്ലീശ്വരത്തെ ഓഫീസിലേക്കായിരുന്നു യൂത്ത് കോണ്‍ഗ്രസ്, കെഎസ്യു പ്രവര്‍ത്തകരുടെ പ്രതിഷേധം. യൂത്ത് കോണ്‍ഗ്രസുകാര്‍ പ്രതിഷേധവുമായി ചിന്നക്കട തപാല്‍ ഓഫിസിനു മുന്നിലും എത്തി. എംഎല്‍എയുടെ കോലത്തില്‍ വടി കൊണ്ട് അടിച്ചും എംഎല്‍എയ്ക്ക് ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ പവര്‍ ബാങ്ക് അയച്ചുകൊടുത്തുമായിരുന്നു പ്രതിഷേധം.






