ടാറ്റ മോട്ടോഴ്സിന് കീഴിൽ പ്രവർത്തിക്കുന്ന ബ്രിട്ടീഷ് ആഡംബര എസ്യുവി ബ്രാൻഡ് ലാൻഡ് റോവറിന്റെ പ്രധാന എസ്യുവി റേഞ്ച് റോവറിന് ആരാധകരായി നിരവധി സിനിമ താരങ്ങളുണ്ട്. വിക്കി കൗശൽ ആണ് ഈ കൂട്ടത്തിലേക്കുള്ള പുതിയ താരം. 2019ൽ പുറത്തിറങ്ങിയ ഊറി: ദി സർജിക്കൽ സ്ട്രൈക്ക് എന്ന സിനിമയിൽ മേജർ വിഹാൻ സിങ് ഷെർഗിൽ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് ആണ് അദ്ദേഹം ശ്രദ്ധ നേടിയത്. റേഞ്ച് റോവറിന്റെ ഓട്ടോബയോഗ്രഫി പതിപ്പാണ് അദ്ദേഹം സ്വന്തമാക്കിയത്. റിപ്പോർട്ട് അനുസരിച്ച് വിലകൂടുതലുള്ള എൽഡബ്ല്യൂബി പതിപ്പ് ആണ് അദ്ദേഹം വാങ്ങിയത്.
പുത്തൻ വാഹനത്തിന്റെ വിശേഷങ്ങൾ വിക്കി കൗശൽ തന്നെയാണ് ഇൻസ്റ്റഗ്രാമിലൂടെ പുറത്ത് വിട്ടത്. 'വീട്ടിലേക്ക് സ്വാഗതം കൂട്ടുകാരാ' (വെൽക്കം ഹോം ബഡി) എന്ന കുറിപ്പോടെയാണ് പോർട്ടോഫിനോ ബ്ലൂ നിറത്തിലുള്ള തന്റെ റേഞ്ച് റോവർ ഓട്ടോബയോഗ്രഫിയുമൊത്തുള്ള ചിത്രങ്ങൾ വിക്കി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഓട്ടോബയോഗ്രഫി പതിപ്പിന് 2.64 കോടിയാണ് എക്സ്-ഷോറൂം വില. പെട്രോളിലും ഡീസലിലും ഓട്ടോബയോഗ്രഫി ലഭ്യമാണ്.
മൈൽഡ് ഹൈബ്രിഡ് സവിധാനത്തോടെയാണ് 3.0 ലിറ്റർ ഇൻ-ലൈൻ ആറ് സിലിണ്ടർ ഡീസൽ എൻജിൻ പ്രവർത്തിക്കുന്നത്. ഈ എൻജിൻ 296 ബിഎച്ച്പി കരുത്തും 650 എൻഎം പീക്ക് ടോർക്കുമാണ് നിർമിക്കുന്നത്. അതെ സമയം 3.0 ലിറ്റർ ആറ് സിലിണ്ടർ മൈൽഡ് ഹൈബ്രിഡ് പെട്രോൾ എൻജിൻ 395 ബിഎച്ച്പി കരുത്തും 550 എൻഎം ടോർക്കുമാണ് നിർമ്മിക്കുന്നത്. ഏത് എഞ്ചിനുള്ള റേഞ്ച് റോവർ ഓട്ടോബയോഗ്രഫിയാണ് വിക്കി കൗശൽ സ്വന്തമാക്കിയത് എന്ന് വ്യക്തമല്ല.






