ഇന്ത്യൻ ക്രിക്കറ്റിലെ ഏറ്റവും വലിയ വാഹനപ്രേമി ആരാണെന്ന് ചോദിച്ചാൽ ഒറ്റ ഉത്തരമേയുള്ളൂ, അത് മുൻനായകനായ ക്യാപ്റ്റൻ കൂൾ മഹീന്ദ്ര സിങ് ധോണിയാണ്. അദ്ദേഹത്തിന്റെ ഗാരേജിൽ ആഢംബര കാറുകളുടെയും മോട്ടോർസൈക്കിളുകളുടെയും ഒരു വലിയ ശേഖരം തന്നെ കാണാം. എന്നാൽ, ഇപ്പോൾ വാർത്തകളിൽ ധോണിയുടെയും സാക്ഷിയുടെയും വിവാഹ വാർഷികമാണ് ചർച്ച.
പതിനൊന്നാം വിവാഹ വാർഷികത്തോടനുബന്ധിച്ച് ഭാര്യ സാക്ഷിക്ക് ധോണി ഒരു കിടിലൻ വിന്റേജ് കാറു തന്നെ സമ്മാനിച്ചു. പുതിയ കാറിന് നന്ദി അറിയിച്ച് സാക്ഷി ഇൻസ്റ്റഗ്രാമിൽ സ്റ്റോറി ഇട്ടതോടെയാണ് വിവാഹ വാർഷിക സമ്മാനം പുറത്തായത്. സ്കൈ ബ്ലൂ-വൈറ്റ് കളർ ഓപ്ഷനിൽ ഉള്ള ഫോക്സ്വാഗണ് ബീറ്റിൽ എന്ന ഐതിഹാസിക മോഡലാണ് ധോണി സാക്ഷിക്ക് സമ്മനമായി നൽകിയിരിക്കുന്നത്. 1930 കളിൽ ആണ് ജർമൻ ബ്രാൻഡ് ബീറ്റിൽ മോഡൽ പുറത്തിറക്കിയത്.
വിവാഹ വാർഷിക സമ്മാനത്തിന്റെ ചിത്രത്തോടൊപ്പം ധോണിയുടെ ഗാരേജിന്റെ വീഡിയോയും സാക്ഷി പങ്കുവച്ചിട്ടുണ്ട്. മസ്താങ്ങും റോൾഡ് റോയ്സ് സിൽവർ ഷാഡോ തുടങ്ങിയ വാഹനങ്ങളും ഗാരേജിൽ കാണാം. മാത്രമല്ല, കവസാക്കി നിഞ്ച H2 മുതൽ ഹാർലി-ഡേവിഡ്സൺ ഫാറ്റ് ബോയ് വരെയും ഡ്യുക്കാട്ടി 1098 മുതൽ കോൺഫെഡറേറ്റ് X132 ഹെൽകാറ്റ് വരെ ധോണിയുടെ മോട്ടോർസൈക്കിൾ ശേഖരത്തിലുണ്ട്.






