
ബജാജ് ഓട്ടോ തങ്ങളുടെ ബൈക്കിങ് ശ്രേണിയിലെ ഡോമിനാർ 250യുടെ വില 16,500 രൂപ കുറച്ചതായി റിപ്പോർട്ട്. മറ്റു നിർമ്മാതാക്കൾ വില കൂട്ടുമ്പോൾ ബജാജ് വില കുറച്ചു വ്യത്യസ്തമായി. റിപ്പോർട്ട് പ്രകാരം ബജാജ് വെബ്സൈറ്റിൽ 1.54 ലക്ഷം ആണ് ഡോമിനാർ 250യുടെ പുതിയ എക്സ്-ഷോറൂം വിലയായി പ്രദർശിപ്പിച്ചിരിക്കുന്നത്. 2020 മാർച്ചിൽ എത്തിയ ബജാജ് ഡോമിനാർ 250യുടെ ലോഞ്ച് വില 1.60 ലക്ഷം രൂപ ആയിരുന്നു.
ലോഞ്ചിന് ശേഷം നിരവധി വിലവർദ്ധനവ് ഉണ്ടായി. 1.71 ലക്ഷം രൂപയായി ആയി വില ഉയർന്നു. ഇപ്പോൾ 16,500 രൂപ ആണ് ബജാജ് ഒറ്റയടിക്ക് കുറച്ചത്. വിലയുടെ കാര്യത്തിൽ ഡോമിനാർ 250യുടെ സ്ഥാനം ഇതോടെ അടുത്തിടെ വിപണിയിലെത്തിയ യമഹ FZ25നും (1.34 ലക്ഷം) സെഗ്മെന്റിലെ പ്രധാനിയായ ജിക്ക്സർ 250യ്ക്കും (1.71 ലക്ഷം) ഇടയിലായി. ഡോമിനാർ 400നേക്കാൾ ഇപ്പോൾ 60,000 രൂപ കുറവാണ് ഡോമിനാർ 250യ്ക്ക്.
248.8 സിസി എൻജിനാണ് ബജാജ് ഡോമിനാർ 250യിൽ. 8,500 ആർപിഎമ്മിൽ 26 ബിഎച്ച്പി കരുത്തും 6,500 ആർപിഎമ്മിൽ 23.5 എൻഎം പീക്ക് ടോർക്കും എൻജിൻ നിർമ്മിക്കുന്നു. സ്ലിപ്പർ ക്ലച്ചുമായി ചേർന്ന് പ്രവർത്തിക്കുന്ന 6-സ്പീഡ് ട്രാൻസ്മിഷനാണ് ഈ എഞ്ചിനുമായി ചേർത്തുവെച്ചിരിക്കുന്നു. 132 കിലോമീറ്റർ ആണ് പരമാവധി വേഗത. ഡൊമിനാർ 250-യ്ക്ക് പൂജ്യത്തിൽ നിന്ന് മണിക്കൂറിൽ 100 കിലോമീറ്റർ വേഗത എത്തിപ്പിടിക്കാൻ 10.5 സെക്കൻഡ് മതിയെന്ന് ബജാജ് ഓട്ടോ അവകാശപ്പെടുന്നു.






