
ഇന്ത്യയില്‍ ഹ്യുണ്ടായ് വെന്യൂ എസ്യുവിയുടെ വേരിയന്റ് ലൈനപ്പ് പരിഷ്കരിച്ചതായി റിപ്പോർട്ട്. എസ്(ഒ), എസ്എക്സ്(ഒ) എക്സിക്യൂട്ടീവ് എന്നീ വേരിയന്റുകളാണ് പുതുതായി വിപണിയിലെത്തിച്ചത്. യഥാക്രമം 6.90 ലക്ഷം രൂപയും 11.75 ലക്ഷം രൂപയുമാണ് ഡെല്‍ഹി എക്സ് ഷോറൂം വില. എന്നാൽ, ചില വേരിയന്റുകള്‍ ഒഴിവാക്കുകയും ചെയ്തു.
ഡീസല്‍ എന്ജിന് ഇനി എസ്(ഒ) വേരിയന്റില്‍ മാത്രമായിരിക്കും ലഭിക്കുന്നത്. മുമ്പ് ഇ, എസ് എന്നീ എന്‍ട്രി ലെവല്‍ വേരിയന്റുകളില്‍ ഡീസല്‍ എന്ജിന് നല്‍കിയിരുന്നു. ഇപ്പോള്‍ ഏകദേശം 9.45 ലക്ഷം രൂപയിലാണ് ഹ്യുണ്ടായ് വെന്യൂ ഡീസല്‍ വേരിയന്റുകളുടെ വില ആരംഭിക്കുന്നത്. എന്നാൽ, നേരത്തെ 8.38 ലക്ഷം രൂപയിലാണ് തുടങ്ങിയിരുന്നത്. ഇപ്പോള്‍ വെന്യൂ ടര്‍ബോ പെട്രോള്‍ പുതിയ എസ്(ഒ) വേരിയന്റ് മുതലാണ് ലഭിക്കുന്നത്. ഇ, എസ് വേരിയന്റുകള്‍ നാച്ചുറലി ആസ്പിറേറ്റഡ് 1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിനില്‍ മാത്രമായിരിക്കും വാങ്ങാന്‍ കഴിയുന്നത്. ഇപ്പോള്‍ മാന്വല്‍ ഗിയര്‍ബോക്സ് ഘടിപ്പിച്ച ഫുള്ളി ലോഡഡ് എസ്എക്സ്(ഒ) ടര്‍ബോ പെട്രോള്‍ വേരിയന്റ് ഒഴിവാക്കി. ഇനി ഫുള്ളി ലോഡഡ് വേരിയന്റില്‍ 1.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിന്റെ കൂട്ട് ഐഎംടി മാത്രമായിരിക്കുമെന്നാണ് സൂചന.
പുതിയ എസ്(ഒ) വേരിയന്റ് 1.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍ എന്ജിന് ഓപ്ഷനുകളില്‍ ലഭിക്കും. എന്നാല്‍ എസ്എക്സ്(ഒ) എക്സിക്യൂട്ടീവ് വേരിയന്റ് ഡീസല്‍ എന്ജിന് ഓപ്ഷനില്‍ മാത്രമായിരിക്കും വാങ്ങാന്‍ സാധിക്കുന്നത്. ടര്‍ബോ പെട്രോള്‍ എന്‍ജിന്റെ ട്രാന്സ്മിഷന് ഓപ്ഷനുകള്‍ 6 സ്പീഡ് ഐഎംടി, 7 സ്പീഡ് ഡുവല്‍ ക്ലച്ച് ഓട്ടോമാറ്റിക് എന്നിവയാണ്. ഇപ്പോള്‍ എസ്(ഒ) വേരിയന്റ് ടര്‍ബോ പെട്രോള്‍, ഡീസല്‍ എന്ജിന് ഓപ്ഷനുകളുടെ ബേസ് വേരിയന്റാണ്. എസ്എക്സ് എന്ന മിഡ് സ്പെക് വേരിയന്റ് അലോയ് വീലുകള്‍ക്ക് പകരം പുതുതായി സ്റ്റീല്‍ വീലുകള്‍ നല്കി പരിഷ്കരിച്ചു.






