
സുഹൃത്തുക്കള്‍ പ്രണയിച്ച് നടക്കുന്നത് കാണുമ്പോള്‍ ചെറിയ അസൂയ തോന്നാത്ത ആരും ഉണ്ടാകില്ല. ഗുഡ്ഗാവ് സ്വദേശി ശകുല്‍ ഗുപ്തയ്ക്കും ഇത്തരത്തില്‍ തന്റെ സുഹൃത്തുക്കളോട് അസൂയ ഉണ്ടായിരുന്നു. തന്റെ ജീവിതത്തില്‍ ഒരു കാമുകി പോലും ഉണ്ടാകാതെ ഇരുന്നത് അദ്ദേഹത്തെ വല്ലാതെ നിരാശപ്പെടുത്തിയിരുന്നു. എന്നാല്‍ ഇതിന് ബിസിനസുകാരനായ ശകുല്‍ തന്നെ ഒരു വ്യത്യസ്ത മാര്‍ഗം കണ്ടെത്തുകയും ചെയ്തു. 2018-ലായിരുന്നു സംഭവങ്ങളുടെ തുടക്കം. അന്നത്തെ വാലന്റൈന്‍സ് ദിനത്തില്‍ ഒരു വമ്പന്‍ പോസ്റ്റ് ശകുല്‍ ഇട്ടു. എന്താണെന്നല്ലേ ?.
ശകുലുമായി കറങ്ങാന്‍ താല്പര്യമുള്ള പെണ്‍കുട്ടിക്ക് ഒരു ഐഫോണ്‍ 7 സമ്മാനമായി നല്‍കും. കഴിഞ്ഞില്ല പെണ്‍കുട്ടിയെ തന്റെ ഓഡി എ 4 കാറില്‍ ഗുഡ്ഗാവിലെ ഹോട്ടല്‍ ഒബറോയിയില്‍ കൊണ്ടു പോയി ഒന്നിച്ചിരുന്നുള്ള ഒരു അത്താഴവും അദ്ദേഹം വാഗ്ദാനം ചെയ്തു കൊണ്ടായിരുന്നു പോസ്റ്റ്. വലിയ മറുപടിയൊന്നും പ്രതീക്ഷിക്കാതെ ഇരുന്ന ശകുലിനെ ഞെട്ടിച്ചു കൊണ്ട് 2000ത്തോളം പെണ്‍കുട്ടികളാണ് പ്രതികരണവുമായി എത്തിയത്.
ഇതില്‍ അഞ്ച് പെണ്‍കുട്ടികളോട് തന്റെ പോസ്റ്റില്‍ പറഞ്ഞ പോലെയുള്ള വാഗ്ദാനം ശകുല്‍ നിറവേറ്റുകയായിരുന്നു. ശകുല്‍ അഞ്ച് പെണ്‍കുട്ടികളുമായി വാലന്‍ന്റൈന്‍ ദിനം ആഘോഷിച്ചു. അഞ്ചുപേര്‍ക്കും ഐഫോണ്‍ 7 സമ്മാനിച്ചു. ഓഡി എ 4 കാറില്‍ ഗുഡ്ഗാവിലെ ഹോട്ടല്‍ ഒബറോയിയിലെത്തി ഒരുമിച്ചിരുന്ന് അത്താഴവും കഴിച്ചു.
2018-ലെ ഈ സംഭവം അവിടെ കഴിഞ്ഞില്ല. ഇതൊരു തുടക്കം മാത്രമായിരുന്നു. പിന്നീട് നിരവധി പെണ്‍കുട്ടികളുടെ വാടക കാമുകനായി ശകുല്‍ പോയി, അതായത് 'ബോയ്ഫ്രണ്ട് ഫോര്‍ റെന്റ്'. ശകുല്‍ പെണ്‍കുട്ടികളുമായി ഫാന്‍സി റെസ്റ്റോറന്റുകളില്‍ പോകും, അവര്‍ക്കായി പാട്ടുകള്‍ പാടും, അവരുടെ വിഷമങ്ങള്‍ കേള്‍ക്കും, ട്രെക്കിംഗിന് പോകും അങ്ങനെ രസകരമായ രീതിയില്‍ അവരുമായി സമയം പങ്കിടും. ഇതിന്റെ പേരില്‍ നിരവധി പേര് അദ്ദേഹത്തെ ഓണ്‍ലൈനില്‍ പരിഹസിച്ചിക്കുന്നുവെങ്കിലും, ഇതില്‍ നിന്ന് പിന്മാറാന് ശകുല്‍ ഒരുക്കമല്ലായിരുന്നു.
'' വാടകയ്ക്കെടുക്കാവുന്ന ഒരു കാമുകനാണ് താന്‍ എന്ന് പറയാന്‍ തനിക്ക് ഒട്ടും ലജ്ജയില്ല. പല പെണ്‍കുട്ടികളും കരഞ്ഞു കൊണ്ട് തങ്ങളുടെ അരക്ഷിതാവസ്ഥയെ കുറിച്ച് പറയും. ഞങ്ങള്‍ പുറത്തു പോകുന്നു. കോഫിയോ ലഘുഭക്ഷണമോ കഴിക്കുന്നു, സംസാരിക്കുന്നു. സത്യസന്ധമായി സംസാരിക്കുന്നതാണ് അവര്‍ക്ക് ഇഷ്ടം. പല പെണ്‍കുട്ടികള്‍ക്കും അവരുടെ പ്രശ്നങ്ങള്‍ കേള്‍ക്കാന്‍ മനസ്സ് കാണിക്കുന്ന ഒരാളെയാണ് ആവശ്യം. ഞാന്‍ ഇത് പണത്തിന് വേണ്ടിയല്ല ചെയ്യുന്നത്, മറിച്ച് എന്റെ കൂടെ ജീവിതം പങ്കിടാന്‍ സാധിക്കുന്ന ഒരു പെണ്‍കുട്ടിയെ കണ്ടെത്താവുമെന്ന പ്രതീക്ഷയിലാണ്'' - ശകുല്‍ പറയുന്നു. ശകുല്‍ ഇതിനോടകം പെണ്‍കുട്ടികളുമായി 45 -ലധികം ഡേറ്റുകള്‍ നടത്തി കഴിഞ്ഞു.






