
ഹൈവേയുടെ ഒത്ത നടുക്ക് റോഡുകളുടെ ഇടയില്‍ പെട്ട് പോയതു പോലെ ഒരു വീട്. ചൈനയിലെ ഗ്വാങ്ഷൗവിലാണ് ഇത്തരത്തില്‍ ഒരു വീടുള്ളത്. 40 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണ്ണമുള്ള ഈ ഒറ്റനില വീട് ഇപ്പോള്‍ നാല് വരി പാതയുടെ നടുക്കാണ് സ്ഥിതി ചെയ്യുന്നത്. ലിയാങിന്റേതാണ് ഈ വീട്. ഹൈവേ പണിയാന്‍ അധികൃതര്‍ തീരുമാനിച്ചപ്പോള്‍ ലിയാങിന്റെ സ്ഥലവും ഏറ്റെടുക്കാനുള്ള നടപടികള്‍ ആരംഭിച്ചു. എന്നാല്‍ തന്റെ വീട് വിട്ട് പോകാന്‍ ഇവര്‍ ഒരുക്കമല്ലായിരുന്നു.
എന്നാല്‍, പദ്ധതിയുമായി മുന്നോട്ട് പോകാന്‍ തന്നെ അധികാരികള്‍ തീരുമാനിച്ചു. പത്ത് വര്‍ഷത്തോളം ഇവരെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങള്‍ അധികാരികള്‍ തുടര്‍ന്നിരുന്നു. ഈ സ്ഥലം പോലെ പ്രാധാന്യമുള്ള മറ്റൊരു സ്ഥലത്തേക്ക് മാത്രമേ താന്‍ മാറൂ എന്നവര്‍ നിര്‍ബന്ധം പിടിച്ചു. ഈ വീടിന് പകരമായി സര്‍ക്കാര്‍ ലിയാങ്ങിന് രണ്ട് ഫ്ളാറ്റുകള്‍ വാഗ്ദാനം ചെയ്തെങ്കിലും അവര്‍ അത് നിരസിക്കുകയും, നാല് ഫ്ളാറ്റുകള്‍ വേണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തു. ഒടുവില്‍ ക്ഷമ നശിച്ച അധികാരികള്‍ ആ വീട് കൊട്ടി അടച്ച് ഹൈവേ പണിയുകയായിരുന്നു.
ലിയാങ് 10 വര്‍ഷമായി ചൈനീസ് സര്‍ക്കാരിനെതിരെ പോരാടുന്നു. വീട് വാങ്ങാനും പൊളിച്ച് മാറ്റാനും സര്‍ക്കാര്‍ പദ്ധതിയിട്ടുവെങ്കിലും, അവര്‍ അതിന് സമ്മതിക്കുന്നില്ല. തുടര്‍ന്ന് സര്‍ക്കാര്‍ ആ വീടിന് ചുറ്റും ഒരു ദേശീയപാത നിര്‍മ്മിക്കുകയും ഒരു മോട്ടോര്‍വേ പാലം നിര്‍മ്മിക്കുകയും ചെയ്തു. പത്ത് വര്‍ഷത്തിന് ശേഷം 2020 -ലാണ് പാലം പൂര്‍ത്തിയായത്. അവിടെ ഉണ്ടായിരുന്ന 47 കുടുംബങ്ങളും, ഏഴ് കമ്പനികളും സര്‍ക്കാരില്‍ നിന്നുള്ള നഷ്ടപരിഹാരം വാങ്ങി അവിടെ നിന്ന് ഒഴിഞ്ഞു പോയി. റോഡില്‍ കുടുങ്ങി കിടക്കുന്ന ഈ വീടുമായി ബന്ധപ്പെട്ട സുരക്ഷാ പ്രശ്നങ്ങള്‍ പാലം നിര്‍മ്മിക്കുന്നതിനു മുമ്പ് അന്വേഷിച്ചതായി അധികാരികള്‍ പറയുന്നു. 'ഈ അന്തരീക്ഷം മലിനമാണെന്ന് നിങ്ങള്‍ കരുതുന്നു. പക്ഷേ, എനിക്ക് ഇത് ശാന്തവും സുഖകരവുമാണ്'- ലിയാങ് ഇവിടുത്തെ താമസത്തെ കുറിച്ച് പറയുന്നു.






