
ഗാര്‍മിന്‍ വെനു 2, ഗാര്‍മിന്‍ വെനു 2എസ് സ്മാര്ട്ട്വാച്ചുകള് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. യഥാക്രമം 41,990 രൂപയും 37,990 രൂപയുമാണ് വിലയെന്നാണ് റിപ്പോർട്ട്. സില്‍വര്‍ ബെസെല്‍, സിലിക്കണ്‍ ബാന്‍ഡ് എന്നിവ സഹിതം ഗ്രാനൈറ്റ് ബ്ലൂ കേസിലും സ്ലേറ്റ് ബെസെല്‍, സിലിക്കണ്‍ ബാന്‍ഡ് എന്നിവ സഹിതം ബ്ലാക്ക് കേസിലും ഗാര്‍മിന്‍ വെനു 2 ലഭിക്കും. ഫ്ളിപ്കാര്‍ട്ട്, ആമസോണ്‍, ടാറ്റ ക്ലിക്ക്, സിനര്‍ജൈസര്‍.കോ.ഇന്‍ എന്നിവിടങ്ങളില്‍ ലഭ്യമാണ്.
ഗാര്‍മിന്‍ വെനു 2എസ് സ്ലേറ്റ് ബെസെല്‍, സിലിക്കണ്‍ ബാന്‍ഡ് എന്നിവ സഹിതം ഗ്രാഫൈറ്റ് കേസിലും റോസ് ഗോള്‍ഡ് ബെസെല്‍, സിലിക്കണ്‍ ബാന്‍ഡ് എന്നിവ സഹിതം വൈറ്റ് കേസിലും ലഭിക്കും. പ്രൈം ഡേ വരെ ആമസോണില്‍ മാത്രം ലഭ്യമായിരിക്കുമെന്നാണ് റിപ്പോർട്ട്. രണ്ട് സ്മാര്ട്ട്വാച്ചുകളും തമ്മിലുള്ള ഏറ്റവും വലിയ വ്യത്യാസങ്ങളിലൊന്ന് ഡയല് വലുപ്പമാണ്. 45 എംഎം ഡയല് ആണ് ഗാര്‍മിന്‍ വെനു 2 വാച്ചിന് നല്കിയതെങ്കില് ഗാര്‍മിന്‍ വെനു 2എസ് മോഡലിന് ലഭിച്ചത് 40 എംഎം ഡയലാണ്.
വെനു 2 സ്മാര്‍ട്ട്വാച്ചിന് 49 ഗ്രാം, വെനു 2എസ് സ്മാര്‍ട്ട്വാച്ചിന് 38.2 ഗ്രാം എന്നിങ്ങനെയാണ് ഭാരം. രണ്ട് വെയറബിളുകള്‍ക്കും സമാന ഫീച്ചറുകള്‍ ലഭിച്ചു. ഗൊറില്ല ഗ്ലാസ് 3 സുരക്ഷയോടുകൂടി അമോലെഡ് ടച്ച്സ്ക്രീന്‍ ഡിസ്പ്ലേ നല്കി. 650 പാട്ടുകള്‍ വരെ രണ്ട് വാച്ചുകളും സ്റ്റോര്‍ ചെയ്യും. ‘ഹെല്‍ത്ത് സ്നാപ്ഷോട്ട്’ ആണ് പ്രധാനപ്പെട്ട സവിശേഷത. നിങ്ങളുടെ രക്തത്തിലെ ഓക്സിജന്‍, ഹൃദയമിടിപ്പ് നിരക്ക്, ശ്വസനം, മാനസിക പിരിമുറുക്കം എന്നിവ സംബന്ധിച്ച ഓരോ സെക്കന്‍ഡിലെയും ഡാറ്റ രണ്ട് മിനിറ്റുകള്‍ക്കുള്ളില്‍ ലഭ്യമാക്കും. ‘ബോഡി ബാറ്ററി’ എനര്‍ജി മോണിറ്ററിംഗ് രണ്ട് ഡിവൈസുകളുടെയും സവിശേഷതയാണ്. എച്ച്ഐഐടി ഉള്‍പ്പെടെ 25 ലധികം ജിപിഎസ് സ്പോര്‍ട്സ് ആക്റ്റിവിറ്റി മോഡുകള്‍ നല്കി. പ്രീലോഡ് ചെയ്ത പന്ത്രണ്ട് ഓണ്‍ സ്ക്രീന്‍ ക്ലാസുകള്‍ മറ്റൊരു ഫീച്ചറാണ്. കൂടുതല്‍ വര്‍ക്ക്ഔട്ട് പ്രോഗ്രാമുകള്‍ ‘ഗാര്‍മിന്‍ കണക്റ്റ്’ ആപ്പ് വഴി ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയും.






