
മുംബൈ: മൊബൈൽ ആപ്ലിക്കേഷനായ ട്രൂകോളർ ഉപയോക്താക്കളുടെ വിവരങ്ങൾ ചോർത്തുന്നെന്ന് കാണിച്ച് സമർപ്പിച്ച ഹർജിയിൽ കേന്ദ്രസർക്കാരിനും മഹാരാഷ്ട്ര സർക്കാരിനും ബോംബെ ഹൈക്കോടതി നോട്ടീസ്. ശശാങ്ക് പോസ്തുറെ എന്നയാൾ സമർപ്പിച്ച പൊതുതാത്പര്യ ഹർജി പരിഗണിച്ചാണ് നോട്ടീസ്.
ഉപയോക്താക്കളുടെ അനുവാദമോ ആവശ്യമായ നടപടികളോ കൂടാതെ ട്രൂകോളർ യുപിഐ സേവനവുമായി ബന്ധിപ്പിക്കുന്നുണ്ടെന്നും ഹർജിയിൽ ആരോപിക്കുന്നു. നിരവധി വായ്പാദാതാക്കൾ ട്രൂകോളർ ശേഖരിക്കുന്ന ഡേറ്റ ഉപയോഗിക്കുന്നുണ്ടെന്നും ഹർജിക്കാരൻ കോടതിയെ അറിയിച്ചു.
ചീഫ് ജസ്റ്റീസ് ദിപാൻകർ ദത്ത, ജസ്റ്റീസ് ജി.എസ്. കുൽക്കർണി എന്നിവരടങ്ങുന്ന ബെഞ്ചാണു ഹർജി പരിഗണിച്ചത്. മൂന്നാഴ്ചയ്ക്കുള്ളിൽ മറുപടി നൽകാനാണു നിർദേശം.






