
തിരുവനന്തപുരം: ടിപി കേസ് പ്രതി മുഹമ്മദ് ഷാഫി ആറു മാസത്തോളം വിയ്യൂർ സെൻട്രൽ ജയിൽ സൂപ്രണ്ടിന്റെ സ്വന്തം ‘സഹായി’... കുപ്രസിദ്ധ കേസുകളിലെ തടവുകാരെ ഓഫിസ് ജോലികൾക്കു നിയോഗിക്കരുതെന്ന ജയിൽ ഡിജിപിയുടെ സർക്കുലർ നിലവിലുള്ളപ്പോഴായിരുന്നു സൂപ്രണ്ടിന്റെ അനൗദ്യോഗിക നിയമനം
സ്വന്തം അപേക്ഷയിൽ മൂന്നു മാസം മുൻപു കണ്ണൂർ ജയിലിലേക്കു മാറുന്നതുവരെ ഷാഫി ഈ ജോലിയിൽ തുടർന്നു. സൂപ്രണ്ടിന്റെ താത്പര്യപ്രകാരമുള്ള നിയമനമായിരുന്നതിനാൽ കീഴുദ്യോഗസ്ഥരാരും ചോദ്യം ചെയ്തില്ല.
മുഹമ്മദ് ഷാഫിക്കൊപ്പം, തൃശൂർ പുഴയ്ക്കലിലെ ഫ്ലാറ്റ് കൊലക്കേസ് പ്രതി റഷീദിനെയും ഓഫിസ് ജോലിക്കു നിയോഗിച്ചു. കഠിനതടവിനു ശിക്ഷിക്കപ്പെട്ട തടവുകാർക്കാണു ജയിലിലെ ഏറ്റവും കാഠിന്യം കുറഞ്ഞ ജോലി നൽകിയത്. ഷാഫി സൂപ്രണ്ടിന്റെ സ്വന്തം സഹായിയായിരുന്നെങ്കിൽ, റഷീദിനെ തൊട്ടടുത്ത മുറിയിലെ വാറന്റ് വിഭാഗത്തിലാണു നിയോഗിച്ചത്.
സൂപ്രണ്ടിന്റെ ഓഫിസിൽ സ്വാതന്ത്ര്യമുള്ളവരായതിനാൽ ഇവർക്കെതിരെ പരാതിപ്പെടാൻ കീഴുദ്യോഗസ്ഥർ മടിച്ചു. കണ്ണൂർ സെൻട്രൽ ജയിലിൽ കഴിയുമ്പോൾ ഫോൺ ഉപയോഗിച്ചതിനാണു ഷാഫിയെ വിയ്യൂരിലേക്കു മാറ്റിയത്.
ജയിലിൽ കഴിയവേ കുറ്റകൃത്യത്തിലേർപ്പെടുന്നവർക്കു പരോൾ ലഭിക്കുക പോലും ദുഷ്കരമാണെന്നിരിക്കെയാണു സൂപ്രണ്ടിന്റെ സഹായിയായത്.







Comments