ടിവിഎസ് എന്‍ടോര്‍ക്ക് 125 റേസ് എക്സ്പി ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 83,275 രൂപയാണ് ടിവിഎസ് എന്‍ടോര്‍ക്ക് 125 സ്കൂട്ടറിന്റെ ഏറ്റവും കരുത്തേറിയ വകഭേദത്തിന്റെ വില. ഇനിമുതൽ ഡ്രം, ഡിസ്ക്, റേസ് എഡിഷന്, സൂപ്പര്‍ സ്ക്വാഡ് എഡിഷന് എന്നിവ ഉള്‍പ്പെടെ ആകെ അഞ്ച് വകഭേദങ്ങളില്‍ ടിവിഎസ് എന്‍ടോര്‍ക്ക് 125 വാങ്ങാം.
റേസ് എക്സ്പി വേര്‍ഷന്‍ മറ്റ് വേരിയന്റുകളേക്കാള്‍ ഭാരം കുറഞ്ഞതാണെന്ന് കമ്പനി അറിയിച്ചു. എന്നാൽ, കര്‍ബ് വെയ്റ്റ് എത്രയെന്ന് വെളിപ്പെടുത്തിയില്ല. റേസ് എക്സ്പി മറ്റ് വേരിയന്റുകളില്‍ നിന്ന് വ്യത്യസ്തമായി എന്ജിന് പരിഷ്കാരങ്ങളോടെയാണ് എത്തുന്നത്. 7,000 ആര്‍പിഎമ്മില്‍ 10.2 എച്ച്പി കരുത്തും 5,500 ആര്‍പിഎമ്മില്‍ 10.8 എന്‍എം ടോര്‍ക്കും ഈ എൻജിൻ പരമാവധി ഉല്‍പ്പാദിപ്പിക്കും. മറ്റ് വേരിയന്റുകളേക്കാള്‍ 0.8 എച്ച്പി കരുത്തും 0.3 എന്‍എം ടോര്‍ക്കും വര്‍ധിച്ചു.
ഏറ്റവും ഉയര്‍ന്ന വേഗത മണിക്കൂറില്‍ 98 കിലോമീറ്ററാണ്. റേസ് മോഡില്‍ മികച്ച ആക്സെലറേഷന്‍ ലഭിക്കുമെന്ന് ടിവിഎസ് മോട്ടോര്‍ കമ്പനി അവകാശപ്പെട്ടു. കൂടുതല്‍ ഇന്ധനക്ഷമത ലഭിക്കാൻ കുറഞ്ഞ വേഗതകളില്‍ സ്ട്രീറ്റ് എന്ന മറ്റ് റൈഡിംഗ് മോഡ് ഉപയോഗിക്കുന്നതാണ് ഉചിതം. ‘ടിവിഎസ് കണക്റ്റ്’ മൊബീല്‍ ആപ്ലിക്കേഷന്റെ യൂസര്‍ ഇന്റര്‍ഫേസ് കൂടി ഈ സ്കൂട്ടറിനായി ടിവിഎസ് പരിഷ്കരിച്ചു. പുതിയ ത്രീ ടോണ്‍ കളര്‍ സ്കീം, ചുവന്ന അലോയ് വീലുകള്‍ എന്നിവയും ലഭിച്ചു.






