ടാറ്റ അള്‍ട്രോസ്, നെക്സോണ്‍, നെക്സോണ്‍ ഇവി, ഹാരിയര്‍ മോഡലുകളുടെ ഡാര്‍ക്ക് എഡിഷന് ഇന്ത്യന്‍ വിപണിയില്‍ പുറത്തിറക്കി. റിപ്പോർട്ട് അനുസരിച്ച് അള്‍ട്രോസ് ഡാര്‍ക്ക് എഡിഷന് 8.71 ലക്ഷം രൂപയും നെക്സോണ്‍ ഡാര്‍ക്ക് എഡിഷന് 10.40 ലക്ഷം രൂപയും നെക്സോണ്‍ ഇവി ഡാര്‍ക്ക് എഡിഷന് 15.99 ലക്ഷം രൂപയും ഹാരിയര്‍ ഡാര്‍ക്ക് എഡിഷന് 18.04 ലക്ഷം രൂപയുമാണ് ഡെല്‍ഹി എക്സ് ഷോറൂം വില. അള്‍ട്രോസ്, നെക്സോണ്‍, നെക്സോണ്‍ ഇവി മോഡലുകള്‍ക്ക് ഓള് ബ്ലാക്ക് ട്രീറ്റ്മെന്റ് ലഭിക്കുന്നത് ഇതാദ്യമാണ്. എന്നാൽ, ടാറ്റ ഹാരിയര്‍ ഡാര്‍ക്ക് എഡിഷന് നേരത്തെ എത്തിയിരുന്നു.
ടാറ്റ അള്‍ട്രോസ് ഡാര്‍ക്ക് എഡിഷന് വിപണിയിലെത്തിച്ചത് എക്സ്സെഡ് പ്ലസ് എന്ന വേരിയന്റ് അടിസ്ഥാനമാക്കിയാണ്. പ്രീമിയം ഹാച്ച്ബാക്കിന്റെ മൂന്ന് എന്ജിന് ഓപ്ഷനുകളിലും പ്രത്യേക വേര്‍ഷന്‍ ലഭിക്കും. പുതുതായി ‘ഡാര്‍ക്ക്’ ടിന്റ് ഫിനിഷ് ലഭിച്ച 16 ഇഞ്ച് അലോയ് വീലുകള്‍, ‘കോസ്മോ ഡാര്‍ക്ക്’ കളര്‍ സ്കീം, ബോണറ്റിലുടനീളം ഡാര്‍ക്ക് ക്രോം, മുന്നിലെ ഫെന്‍ഡറില്‍ ‘ഡാര്‍ക്ക്’ എംബ്ലം എന്നിവയാണ് മറ്റു മാറ്റങ്ങള്‍. കാബിനിൽ ഓള് ഗ്രാനൈറ്റ് ബ്ലാക്ക് തീം നൽകി. ഗ്ലോസ് ബ്ലാക്ക് ഫിനിഷ് ഡാഷ്ബോര്‍ഡിന്റെ മിഡ് പാഡില്‍ നല്കി. ബ്ലൂ ഡെക്കോ തുന്നലുകള്‍, മുന്നിലെ ഹെഡ്റെസ്റ്റില് ‘ഡാര്‍ക്ക്’ എംബ്രോയ്ഡറി, ട്രൈ ആരോ പെര്ഫൊറേഷനുകള് സഹിതം പ്രീമിയം ലെതററ്റ് സീറ്റുകള്‍ എന്നിവയാണ് മറ്റ് സവിശേഷതകൾ.
പെട്രോള്‍, ഡീസല്‍ എന്ജിന് ഓപ്ഷനുകളിലായി എക്സ്സെഡ് പ്ലസ്, എക്സ്സെഡ്എ പ്ലസ്, എക്സ്സെഡ് പ്ലസ് (ഒ), എക്സ്സെഡ്എ പ്ലസ് (ഒ) എന്നീ വേരിയന്റുകളിലാണ് സബ്കോംപാക്റ്റ് എസ്യുവി ടാറ്റ നെക്സോണ്‍ ഡാര്‍ക്ക് എഡിഷൻ എത്തുന്നത്. എക്സ്സെഡ് പ്ലസ്, എക്സ്സെഡ് പ്ലസ് ലക്സ് എന്നീ വേരിയന്റുകളിലാണ് ടാറ്റ നെക്സോണ്‍ ഇവി ഇലക്ട്രിക് എസ്യുവിയുടെ ഡാര്‍ക്ക് എഡിഷന് വരുന്നത്. എക്സ്ടി പ്ലസ്, എക്സ്സെഡ് പ്ലസ്, എക്സ്സെഡ്എ പ്ലസ് എന്നീ മൂന്ന് ടോപ് വേരിയന്റുകളില്‍ ടാറ്റ ഹാരിയര്‍ ഡാര്‍ക്ക് എഡിഷന് ലഭിക്കും.






