
കോവിഡിന്റെ പശ്ചാത്തലത്തില്‍ ജനത്തിന്റെ ദുരിതം ഇരട്ടിയാക്കി ദിനംപ്രതി പെട്രോള്‍വില ഉയരുമ്പോള്‍ രൂക്ഷ വിമര്‍ശനം നടത്തുന്നവരുടെ കൂട്ടത്തില്‍ ബോളിവുഡിലെ ഗ്ലാമര്‍താരം സണ്ണി ലിയോണും. ഇന്ധനവില 100 കടന്ന പശ്ചാത്തലത്തില്‍ ട്രോള്‍ രൂപത്തില്‍ സാമൂഹ്യ മാധ്യമത്തില്‍ നടത്തിയ താരത്തിന്റെ വിമര്‍ശനം നെറ്റിസണ്‍മാരും ഏറ്റെടുത്തിരിക്കുകയാണ്.
സണ്ണി ലിയോണിന്റെ പോസ്റ്റിന് താഴെ കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ചുകൊണ്ട് നിരവധി പേരാണ് രംഗത്തെത്തുന്നത്. "അവസാനം നൂറ് കടന്ന സാഹചര്യത്തില്‍ "സൈക്കിളിംഗ്" തന്നെയാണ് ആരോഗ്യത്തിന് നല്ലത്...!! #Cycling പുതിയ #GLAM" താരം കുറിച്ചു. ഏറെ ഗ്ലാമറസായി ചുവപ്പ് വസ്ത്രവും ചെരുപ്പുമണിഞ്ഞ് സൈക്കിള്‍ യാത്ര ചെയ്യുന്നതിന്റെ ഒരു ചിത്രവും താരം പോസ്റ്റ് ചെയ്തിട്ടുണ്ട്.
ഓരോ ദിവസവും ഇന്ധന വില റോക്കറ്റ് പോലെ കുതിച്ചുകൊണ്ടിരിക്കെ സോഷ്യല്‍ മീഡിയയില്‍ ട്രോളുകള്‍ നിറയുന്ന സാഹചര്യത്തിലാണ് നടിയും തന്റെ വിമര്‍ശനം പരിഹാസരൂപേണെ ഇട്ടിരിക്കുന്നത്. അതേസമയം ഇത്രയും പ്രതിഷേധം ഉണ്ടായിട്ടും ഇന്നും ഇന്ധന വില കൂടി. പെട്രോളിന് ലിറ്ററിന് 35 പൈസയും ഡീസലിന് പത്ത് പൈസയുമാണ് ഇന്ന് കൂടിയത്. ഇതോടെ തിരുവനന്തപുരത്ത് പെട്രോള്‍ വില 102.54 രൂപയിലെത്തി.
ഡീസല്‍ 96.21 രൂപ എന്ന നിലയിലുമെത്തി. കോഴിക്കോട് പെട്രോൾ വില 101.രൂപ 03 പൈസയും ഡീസലിന് 94 രൂപ 82 പൈസയുമാണ് വില. കൊച്ചിയിൽ പെട്രോളിന് 100 രൂപ 61 പൈസയും ഡീസലിന് 95.44 രൂപ പൈസയുമായി. അതേസമയം, ഇന്ധനവില വര്‍ദ്ധനയ്ക്കെതിരെ പ്രതിഷേധം ശക്തമാവുകയാണ്. ഇന്ന് കര്‍ഷക സംഘടനകള്‍ രാജ്യവ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്. വിവിധ തൊഴിലാളി സംഘടനകളും സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം യുഡിഎഫ് ഇന്ധനവില വര്‍ദ്ധനയ്ക്കെതിരെ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.






