
മൂന്നു ദശാബ്ദങ്ങള്‍ക്കു മുമ്പ് ഞാന്‍ മനോഹരമായ കേരളത്തിലെ പരമ്പരാഗത മത്സ്യമേഖലയില്‍ ജോലി നോക്കുകയായിരുന്നു. വിപണി വിലയുടെ 20 ശതമാനം മാത്രം വരുമാനമായി ലഭിച്ചിരുന്ന മത്സ്യത്തൊഴിലാളികളുടെ വരുമാനം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി, ഫൈബര്‍ ഗ്ലാസ് ബോട്ടുകള്‍, ഔട്ട് ബോര്‍ഡ് മോട്ടോര്‍ ഘടിപ്പിച്ച വള്ളങ്ങള്‍, കടല്ത്തീരത്തുവെച്ചുളള ലേലം തുടങ്ങി നൂതന സംവിധാനങ്ങള്‍ ഞങ്ങള്‍ ആരംഭിച്ചു. അന്നത്തെ ഏറ്റവും വലിയ വെല്ലുവിളി മത്സ്യത്തൊഴിലാളികള്‍ക്ക് തുക കൈമാറ്റം ചെയ്യുന്നതിന് ബാങ്ക് അക്കൗണ്ട് തുറക്കുക എന്നതായിരുന്നു. അക്കാലത്ത് ബാങ്ക് അക്കൗണ്ട് രജിസ്റ്റര്‍ ചെയ്യുന്നതിനു കുറഞ്ഞത് പത്ത് മാസമെങ്കിലും വേണ്ടിവന്നു. "നോ യുവര്‍ കസ്റ്റമര്‍" എന്നത് ഒരു അപരിചിത ആശയമായിരുന്നു. എന്നാല്‍ 2021 ആയപ്പോഴേക്കും, നിങ്ങള്‍ക്ക് ഒരു ബാങ്ക് ശാഖയിലേക്കു നേരിട്ടുചെന്ന് ഇ -കെ.വൈ.സി, ബയോമെട്രിക് സംവിധാനം എന്നിവ ഉപയോഗിച്ച് തല്‍ക്ഷണം അക്കൗണ്ട് ആരംഭിക്കാം. കാത്തിരിപ്പിന്റെ സമയം മാസങ്ങളില്‍നിന്നു മിനിറ്റുകളിലേക്കു കുറയ്ക്കാന്‍ കഴിഞ്ഞ ഡിജിറ്റല്‍ പരിവര്‍ത്തനം, യഥാര്‍ഥത്തില്‍ ഒരു അടിസ്ഥാനമാറ്റം തന്നെ കൊണ്ടുവന്നു.
ഡിജിറ്റല്‍ ഇന്ത്യ സംരംഭത്തിന്റെ ആറുവര്‍ഷത്തെ അടയാളപ്പെടുത്തിയ പ്രധാനമന്ത്രി, ഇത് ഇന്ത്യയുടെ ദശകം ആണെന്നു വിശേഷിപ്പിച്ചു. സാങ്കേതിക മുന്നേറ്റവും ഇന്റര്‍നെറ്റിന്റെ ദ്രുതഗതിയിലുള്ള വ്യാപനവും രാജ്യത്തെ നൂറുകോടിയിലധികം പൗരന്മാരെ ഒരു പൊതു സാമ്പത്തിക, ധനകാര്യ, ഡിജിറ്റല്‍ പരിസ്ഥിതി വ്യവസ്ഥയുമായി സംയോജിപ്പിച്ചു. ലോകത്തിലെ ഏറ്റവും വിലകുറഞ്ഞ ഡേറ്റ നിരക്കുകളും, 700 ദശലക്ഷത്തിലധികം ഇന്റര്‍നെറ്റ് ഉപയോക്താ ക്കളുമായി - ഓരോ 3 സെക്കന്‍ഡിലും ഒരു പുതിയ ഇന്ത്യന്‍ ഉപയോക്താവ് ഇന്റര്‍നെറ്റില്‍ ചേരുന്നു.
പതിനാറ് സംസ്ഥാനങ്ങളില്‍, ജനവാസമുള്ള എല്ലാ ഗ്രാമങ്ങളിലേക്കും പൊതു, സ്വകാര്യ പങ്കാളിത്തത്തിലൂടെ ഫൈബര്‍ കണക്റ്റിവിറ്റിയുള്ള ഭാരത് നെറ്റ് നടപ്പാക്കാന്‍ കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്കി. നൂറുകോടിയിലധികം ബയോമെട്രിക്സ്, നൂറുകോടിയിലധികം മൊബൈലുകള്‍, ഏകദേശം നൂറുകോടി ബാങ്ക് അക്കൗണ്ടുകള്‍ എന്നിവ ഉപയോഗിച്ച്, രാജ്യത്തെ മുഴുവന്‍ ജനങ്ങളെയും ഉള്‍ക്കൊള്ളിച്ചുകൊണ്ട് ലോകത്തിലെ ഏറ്റവും വലിയ തിരിച്ചറിയല്‍ സംവിധാനം ഞങ്ങള്‍ നിര്‍മിച്ചിട്ടുണ്ട്. ഇന്നുവരെ, 1.29 ശതകോടി ആധാര്‍ തിരിച്ചറിയല്‍ കാര്‍ഡുകള്‍ സൃഷ്ടിക്കുകയും, 55.97 ശതകോടി ആധികാരിക രേഖകള്‍ സൃഷ്ടിക്കുകയും ചെയ്തു. സര്‍ക്കാരും പൗരന്മാരും തമ്മിലുള്ള അന്തരം കുറയ്ക്കുന്നതിനുള്ള അടിസ്ഥാന ശിലയായി, ഇന്ത്യയുടെ ഡിജിറ്റല്വല്ക്കരണശ്രമങ്ങള് മാറി.
ദശലക്ഷക്കണക്കിന് ഇന്ത്യക്കാരെ ബന്ധിപ്പിക്കുന്ന ഡിജിറ്റല്‍ പേയ്മെന്റ് സംവിധാനമായ യുപിഐയ്ക്ക് ആഗോളതലത്തില്‍ തന്നെ ഉപയോഗിക്കാന്‍ കഴിയുന്ന അപാരമായ സാധ്യതകളുണ്ട്. 2021 ജൂണില്‍ യുപിഐ, 5.47 ട്രില്യണ്‍ ഡോളര്‍ വിലമതിക്കുന്ന 2.8 ശതകോടി ഇടപാടുകള്‍ രേഖപ്പെടുത്തി. അമേരിക്കന്‍ എക്സ്പ്രസ് ആഗോളതലത്തില്‍ നടത്തുന്ന ഇടപാടുകളുടെ ഇരട്ടിയിലധികം ഇപ്പോള്‍ യുപിഐയ്ക്കുണ്ട്.
ജി 2 ബി (ഗവണ്മെന്റ് ടു ബിസിനസ്) ഗവണ്മെന്റ് ഇ-മാര്‍ക്കറ്റ് പ്ലെയ്സിന്റെ (GeM) സമാരംഭമാണ്, ഡിജിറ്റല്‍ ഇന്ത്യ രംഗത്തെ ശ്രദ്ധേയമായ ഒരു പുതുമ. പൊതുസംഭരണ മേഖലയെ സാങ്കേതികവിദ്യാ അധിഷ്ഠിതമായി പരിവര്‍ത്തനം ചെയ്യുന്നതിന് ജി.ഇ.എം. പോര്‍ട്ടലിനു കഴിഞ്ഞു. ഇതുവരെ, 19.17 ലക്ഷം വില്‍പ്പനക്കാരുടെ രജിസ്ട്രേഷന് എന്ന നാഴികക്കല്ല് ഈ പോര്‍ട്ടല്‍ പിന്നിട്ടു. ജാര്‍ഖണ്ഡില്‍നിന്നുള്ള ഗോത്ര ആഭരണങ്ങള്‍, കശ്മീരില്‍നിന്നുള്ള ഉണങ്ങിയ പഴ വര്‍ഗങ്ങള്‍, ചെന്നൈയില്‍നിന്നുള്ള നൃത്തപാഠങ്ങള്‍, ഒഡീഷയില്‍നിന്നുള്ള തുണിത്തരങ്ങള്‍ - തുടങ്ങി ഇന്ത്യന്‍ ഉല്‍പ്പന്നങ്ങളുടെയും വ്യാപാരങ്ങളുടെയും അഭിവൃദ്ധിക്ക് അനുയോജ്യമായ ആവാസവ്യവസ്ഥ സൃഷ്ടിക്കാന്‍ ഇ-കൊമേഴ്സ്, ഇന്റര്‍നെറ്റ് എന്നിവയുടെ സംയോജനം വഴിയൊരുക്കി.
*** ആരോഗ്യ, വിദ്യാഭ്യാസ മേഖലകളിലെ മുന്നേറ്റം
ആരോഗ്യവും വിദ്യാഭ്യാസവുമാണ് ഡിജിറ്റല്‍ ഇന്ത്യ പദ്ധതിക്കു കീഴില്‍ വലിയ മുന്നേറ്റം ലഭിച്ച രണ്ടു പ്രധാന മേഖലകള്‍. ഇന്ത്യയുടെ ഉള്‍പ്രദേശങ്ങളില്‍, സ്വര്‍ണനിറമുള്ള ഗുണഭോക്തൃ കാര്‍ഡുകളെ പലരും ജീവന് രക്ഷിക്കുന്ന കാര്‍ഡ് ആയി കണക്കാക്കുന്നു. തുല്യമായ ആരോഗ്യസേവനങ്ങള്‍ ലഭിക്കുന്നതിന്ഒരാള്ക്ക് പലയിടത്തും അലയേണ്ടി വരുന്നത് ഇത് ഒഴിവാക്കുന്നു.
ആരോഗ്യ സംരക്ഷണത്തിന്റെയും സാങ്കേതികവിദ്യയുടെയും സവിശേഷമായ ഒരു മിശ്രിതമാണ് പ്രധാന് മന്ത്രി ജന്‍ ആരോഗ്യ യോജന (പിഎം.ജെ.എ.വൈ). 500 ദശലക്ഷത്തിലധികംപേരെ (ഏതാണ്ട് യൂറോപ്പിലെ ജനസംഖ്യക്ക് തുല്യം) ഉള്‍ക്കൊള്ളുന്ന ലോകത്തിലെ ഏറ്റവും സമഗ്രമായ പണരഹിത, സമ്പര്‍ക്കരഹിത, കടലാസ്രഹിത, ഡിജിറ്റല്‍ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയാണിത്. നാഷണല്‍ ഡിജിറ്റല്‍ ഹെല്‍ത്ത് മിഷനുമായി (എന്‍.ഡി.എച്ച്.എം) ചേര്‍ന്ന് പിഎംജെഎവൈ ആരോഗ്യസംരക്ഷണ വിതരണം വളരെയധികം മെച്ചപ്പെടുത്തുന്നു.
ഡേറ്റ ഇന്റഗ്രേഷന്‍, സ്റ്റാന്‍ഡേര്‍ഡൈസേഷന്‍ എന്നിവയിലൂടെ പൂര്‍ണമായും സാങ്കേതികവിദ്യ അധിഷ്ഠിതമായ ഒരു സംവിധാനത്തിലേക്കുള്ള ചുവടുവയ്പ്പാണിത്. വിവിധ മേഖലകളെ ബന്ധിപ്പിച്ച് കൊണ്ടുള്ള, ആരോഗ്യസംരക്ഷണ സംവിധാനത്തിനായുള്ള ഈ കാഴ്ചപ്പാടിനെ ശരിക്കും പ്രതിഫലിപ്പിക്കുന്ന ഒരു ഉദാഹരണം, പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിലെ ഒരു ജില്ലയില്‍നിന്ന് ഉയര്‍ന്നുവരുന്നു. ചിത്രകൂട് ജില്ലയില്‍, ജില്ലയിലെ എല്ലാവര്ക്കും ഫലപ്രദമായ ടെലിമെഡിസിന്‍ സേവന സംവിധാനം സൃഷ്ടിച്ചിരിക്കുന്നു.
ഡിജിറ്റൈസേഷനും ഇന്റര്‍നെറ്റ് വ്യാപനവും വിദ്യാര്‍ത്ഥികളുടെ പഠന നിലവാരവും മെച്ചപ്പെടുത്തി. ബിഹാറിലെ വിദൂര ജില്ലയായ നവാഡയിലെ പ്രൈമറി സ്കൂളുകള്‍ പൂര്‍ണമായും ഡിജിറ്റല്‍ ഉപകരണങ്ങളും ഇന്റര്‍നെറ്റ് കണക്റ്റിവിറ്റിയും കൊണ്ട് സജ്ജീകരിച്ചിരിക്കുന്ന സ്മാര്‍ട്ട് ക്ലാസ് മുറികളാണ്. ലോകത്തുനിന്ന് ഇന്ത്യന്‍ ഗ്രാമങ്ങളിലേക്ക് അറിവ് എത്തപ്പെടുന്നു. മഹാമാരി സമയത്ത്, ഗവണ്മെന്റ് വിന്യസിച്ച ഓണ്‍ലൈന്‍ പഠന സംരംഭങ്ങള്‍ - ദിക്ഷ (DIKSHA), ഇ - പാഠശാല, സ്വയം (SWAYAM) എന്നിവ രാജ്യത്തിന്റെ ഏറ്റവും വിദൂര കോണുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് തുടര്‍വിദ്യാഭ്യാസം ഉറപ്പാക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ചു.
ലോകത്തിലെ ഏറ്റവും വലിയ കമ്പ്യൂട്ടര്‍വത്കൃത തപാല്‍ സംവിധാനമായ ഇന്ത്യാ പോസ്റ്റ്, ആയുഷ് സഞ്ജിവനി ആപ്ലിക്കേഷന്‍, ഡിജിലോക്കര്‍, ഉമാംഗ് ആപ്പ്, നിയമോപദേശത്തിനായി ടെലി ലോ, തെരുവ് കച്ചവടക്കാര്‍ക്കുള്ള സ്വാനിധി പദ്ധതി, ഗ്യാസ് സിലിണ്ടറുകള്‍ എളുപ്പത്തില്‍ ബുക്ക് ചെയ്യുന്നതിനുള്ള 10,000 ബിപിസിഎല്‍ സിഎസ്സി പോയിന്റ്കള്‍ ആരംഭിക്കല്‍ തുടങ്ങി സാര്‍വത്രിക ഉപയോഗത്തിനുള്ള ഡിജിറ്റല്‍ സംവിധാനങ്ങള്‍ ജനങ്ങള്‍ക്കുള്ള സേവനങ്ങള്‍ പരമാവധി വര്‍ധിപ്പിക്കുന്നതിനുള്ള ചില ഉപകരണങ്ങളാണ്. ഡിജിറ്റല്‍ ഇന്ത്യയുടെ മറ്റൊരു വിപ്ലവകരമായ ഉല്‍പ്പന്നമാണ്, പങ്കാളിത്ത ഭരണം പ്രോത്സാഹിപ്പിക്കുന്ന, ലോകത്തിലെ ഏറ്റവും വലിയ സംവേദനാത്മക ഡിജിറ്റല്‍ ജനാധിപത്യ പോര്‍ട്ടലായ മൈ ജിഒവി പ്ലാറ്റ്ഫോം.
ഡേറ്റ സമ്പന്നമായതില്നിന്ന് ഡേറ്റ ഇന്റലിജന്റിലേക്കു രാജ്യം നീങ്ങുമ്പോള്‍, മെഷീന് ലേണിങ്ങും നിര്‍മിത ബുദ്ധിയും നിരവധി വെല്ലുവിളികള്‍ക്ക് പരിഹാരം കണ്ടെത്തും. ലോകോത്തര സാങ്കേതിക ഉല്‍പ്പന്നങ്ങളുടെ വികസനത്തിന് ഇന്റര്‍നെറ്റ് ഉപയോഗിക്കുന്ന യുവ സംരംഭകരില്‍നിന്നു നിര്‍ണായകമായ നിക്ഷേപങ്ങളും നിര്‍മിത ബുദ്ധി പ്രാപ്തമാക്കുന്ന നയ അന്തരീക്ഷവും ആവശ്യമാണ്. സാമൂഹികബോധമുള്ളതും വികസനപരവുമായ ഉല്പാദകര്, നിര്‍മിത ബുദ്ധി ശാസ്ത്രജ്ഞര്‍, ഉല്‍പ്പന്നങ്ങള്‍ രൂപകല്‍പ്പന ചെയ്യുന്നവര്‍, സോഫ്റ്റ്വെയര് എന്‍ജിനീയര്‍മാര്‍ എന്നിവരുടെ നൂതന ജനുസിനെ ഇന്ത്യ പരിപോഷിപ്പിക്കണം.
കുറഞ്ഞ ചെലവില്‍ സേവനങ്ങളുടെ ലഭ്യതയും പ്രാദേശിക ഭാഷകളില്‍ വീഡിയോ, ശബ്ദം എന്നിവയുടെ സൗകര്യവുമുള്ള, എല്ലാവരെയും ഉള്‍ചേര്‍ത്തുള്ള സമഗ്രമായ സാങ്കേതിക പരിഹാരങ്ങള്‍ നിര്‍മിക്കേണ്ടതുണ്ട്. ഡിജിറ്റല്‍ പരിവര്‍ത്തനത്തിന്റെ വിജയഗാഥ രചിക്കുന്നതിന്, ഗ്രാമീണവും താരതമ്യേന ഇന്റര്‍നെറ്റ് സൗകര്യം കുറഞ്ഞ പ്രദേശങ്ങളില്‍ വസിക്കുന്ന ജനങ്ങളുടെ അഭിലാഷങ്ങളും സാധ്യതകളും പൂര്‍ണമായി മനസ്സിലാക്കേണ്ടത് അത്യാവശ്യമാണ്. അവരില്‍ സംരംഭകത്വത്തിന്റെ മനോഭാവത്തെ എങ്ങനെ പ്രാപ്തമാക്കുകയും ശാക്തീകരിക്കുകയും ചെയ്യുന്നു എന്നത് പ്രധാനമാണ്. അതിലൂടെ അവര്‍ ഇന്ത്യയിലെ ജനങ്ങള്‍ക്കു മാത്രമല്ല, ദാരിദ്ര്യത്തില്‍നിന്ന് മധ്യവര്‍ഗത്തിലേക്ക് മാറുന്ന ലോകത്തിലെ അടുത്ത 5 ശതകോടി ജനങ്ങള്‍ക്ക് പരിഹാരങ്ങള്‍ നല്‍കുന്നതിന് സാങ്കേതിക കഴിവുകളും ഡാറ്റയും പ്രയോജനപ്പെടുത്തുന്നവരായി മാറും എന്നതാണ്, അടുത്ത ഡിജിറ്റല്‍ ഇന്ത്യ ഡെക്കേഡിന്റെ ആണിക്കല്ല്.
അമിതാഭ് കാന്ത് (നിതി ആയോഗ് സി.ഇ.ഒ.)




