പിയാജിയോയുടെ വെസ്പ, അപ്രീലിയ ഷോറൂമുകള്‍ വീണ്ടും പ്രവര്‍ത്തനമാരംഭിച്ചു. ലോക്ഡൗണ്‍ കാരണം ഷോറൂമുകൾ അടച്ചിടേണ്ടി വന്നിരുന്നു. റിപ്പോർട്ട് പ്രകാരം കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു പ്രവര്‍ത്തിക്കുന്ന ഡീലര്‍ഷിപ്പുകള്‍ അണുനശീകരണം നടത്തിയ ശേഷമാണ് പ്രവർത്തനം തുടങ്ങിയത്. മാസ്ക്, സാനിറ്റൈസര്‍ എന്നിവയുടെ ഉപയോഗം നിര്‍ബന്ധമാക്കിയും സാമൂഹിക അകലം പാലിച്ചും ആണ് പ്രവര്‍ത്തിക്കുന്നത്.
ഷോറൂമുകളില്‍ അധികൃതര്‍ അനുവദിക്കുമെങ്കില്‍ ആളുകൾക്ക് സന്ദർശിക്കാം അല്ലെങ്കില്‍ ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്താല്‍ വെസ്പയും അപ്രീലിയയും വീട്ടില്‍ എത്തിച്ചുതരുമെന്നാണ് റിപ്പോർട്ട്. "ലോക്ഡൗണ്‍ കാലയളവില്‍ അവസാനിച്ച വാറന്റിയും സൗജന്യ സര്‍വീസും നീട്ടാന്‍ തീരുമാനിച്ചതായും" പിയാജിയോ വെഹിക്കിള്‍സ് ഇന്ത്യ മാനേജിംഗ് ഡയറക്റ്റര്‍ ഡിയഗോ ഗ്രാഫി പറഞ്ഞു.
ഇപ്പോള്‍ ഡീലര്‍മാര്‍ വില്‍പ്പനയും സര്‍വീസും ഉറപ്പാക്കുന്നതിന് വലിയ തോതില്‍ പരിശ്രമിക്കുകയാണ്. ഇപ്പോള്‍ കമ്പനി പിയാജിയോയുടെ ഇരുചക്ര വാഹനങ്ങള്‍ സ്വന്തമാക്കുന്നതിലുള്ള തടസ്സം നീക്കുകയാണ് ചെയ്യുന്നതെന്ന് ഇരുചക്ര വാഹന വിഭാഗം മേധാവി സുധാംശു അഗര്‍വാള്‍ പറഞ്ഞു. ഈയിടെ വിപണിയിലെത്തിയ അപ്രീലിയ എസ്എക്സ്ആര്‍ 125 ഉള്‍പ്പെടെയുള്ള സ്കൂട്ടറുകള് കാണാനും ടെസ്റ്റ് റൈഡ് നടത്താനും സൗകര്യമുണ്ടായിരിക്കും. വെസ്പയും അപ്രീലിയയും വാങ്ങുമ്പോൾ സര്‍വീസ് സമയങ്ങളിലും സവിശേഷ ഓഫറുകള്‍ ഉണ്ടെന്നാണ് സൂചന.






