
കൊച്ചി: തെലങ്കാന സര്‍ക്കാരിന്റെ ക്ഷണം ലഭിച്ചത് വിവാദച്ചുഴിയില്‍ നിന്ന കിറ്റെക്സ് ഗാര്‍മെന്റ്സിന്റെ ഓഹരിവിലയില്‍ കുതിപ്പുണ്ടാക്കി. വ്യാഴാഴ്ചത്തെക്കാള്‍ 19.97 ശതമാനം വില ഉയര്‍ന്ന് 140.85 രൂപയിലാണ് നാഷണല്‍ സ്റ്റോക് എക്സ്ചേഞ്ചില്‍ വെള്ളിയാഴ്ച കിറ്റെക്സ് ഓഹരി വില അവസാനിച്ചത്.
ഒരു വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന വിലയാണ് ഇത്.
ബോംബേ സ്റ്റോക് എക്സ്ചേഞ്ചില്‍ 140.85 രൂപ വരെയെത്തിയശേഷം 140.55 രൂപയില്‍ വ്യാപാരം അവസാനിപ്പിച്ചു. രണ്ടിടത്തും 'അപ്പര്‍ സര്‍ക്യൂട്ട്' (ഒരു ദിവസം അനുവദനീയമായ ഏറ്റവും ഉയര്‍ന്ന വില) രേഖപ്പെടുത്തി. ഇതോടെ, കമ്പനിയുടെ വിപണിമൂല്യം 935 കോടി രൂപയായി.ഇക്കഴിഞ്ഞ ഏപ്രിലില്‍ 91.75 രൂപ മാത്രമായിരുന്ന ഓഹരി വില മൂന്നുമാസം കൊണ്ട് 54 ശതമാനമാണ് കുതിച്ചുയര്‍ന്നത്.




