
അഹമ്മദാബാദ്: ജോലിയിൽ നിന്നു
കാമുകനെ പിരിച്ചുവിട്ടതിൽ പ്രതിഷേധിച്ച് കമ്പനി തീയിട്ട് കാമുകി. ഗുജറാത്തിലെ തുണി ഫാക്ടറിക്കാണ് മായാബെൻ എന്ന ഇരുപത്തിനാലുകാരി തീവച്ചത്.
ഇതേ കമ്പനിയിൽ ആണ് ഇവരും ജോലി ചെയ്യുന്നത്. തീപിടിത്തം ശ്രദ്ധയിൽപ്പെട്ട ജീവനക്കാർ കൃത്യമായ ഇടപെടൽ നടത്തിയതോടെ വൻദുരന്തം ഒഴിവായി. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് യുവതിയെ പിടികൂടുന്നത്. കമ്പനി അധികൃതരുടെ പരാതിയിൽ യുവതിക്കെതിരെ പൊലീസ് കേസെടുത്തു.
ദിവസങ്ങൾക്ക് മുൻപാണ് കാനം ഇന്റര്‍നാഷണല്‍ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ ഫാക്ടറിയില്‍ തീപിടിച്ചത്. ഫാക്ടറിലേക്ക് തുണികൾ കൊണ്ടുപോകുന്ന സ്ഥലത്താണ് തീപിടിത്തം ഉണ്ടായത്. പിന്നീട് സിസിടിവി പരിശോധിച്ചപ്പോഴാണ് ജീവനക്കാരിയായ മായാബെൻ ലൈറ്റർ ഉപയോഗിച്ച് തീ ഇടുന്നത് കാണുന്നത്.
ഇവരെ കമ്പനി അധികൃതർ വിളിച്ചുവരുത്തി ചോദ്യം ചെയ്തപ്പോഴാണ് പ്രതികാരത്തിന്റെ കഥ പുറത്തുവരുന്നത്.
യുവതിയുടെ കാമുകനായ വിനോദിനെ കമ്പനി ജോലിയിൽ നിന്നും പിരിച്ചുവിട്ടിരുന്നു. ഇതിന്റെ പ്രതികാരമാണ് യുവതിയെ കമ്പനിക്ക് തീ ഇടാൻ പ്രേരിപ്പിച്ചത്.






