
മുംബൈ: ടി-സിരീസ് മ്യുസിക് റെക്കോര്‍ഡ് ആന്റ് സിനിമ നിര്‍മ്മാണ കമ്പനി മാനേജിംഗ് ഡയറക്ടറും ഗായകന് ഗുല്‍ഷന്‍ കുമാറിന്റെ മകനുമായ ഭൂഷണ് കുമാറിനെതിരെ ബലാത്സംഗക്കേസ്. ജോലി വാഗ്ദാനം ചെയ്തു ബലാത്സംഗം ചെയ്തുവെന്ന യുവതിയുടെ പരാതിയിലാണ് മുംബൈ പോലീസ് കേസെടുത്തിരിക്കുന്നത്.
അന്തേരി വെസ്റ്റിലെ ഡി.എന്‍ നഗര്‍ പോലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 30കാരിയാണ് ഭൂഷനെതിരെ പരാതി നല്‍കിയിരിക്കുന്നത്. എന്നാല്‍ എന്നാണ് സംഭവം നടന്നതെന്ന് പോലീസ് വ്യക്തമാക്കിയിട്ടില്ല.
തന്റെ കമ്പനിയിലെ ചില പ്രൊജക്ടുകളില്‍ യുവതിക്ക് ജോലി നല്‍കാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് പീഡിപ്പിച്ചുവെന്നാണ് പരാതിയില്‍ പറയുന്നത്. എന്നാല്‍ യുവതി വഞ്ചിക്കപ്പെടുകയായിരുന്നുവെന്നും അതുകൊണ്ടാണ് പോലീസിനെ സമീപിച്ചതെന്നും പറയുന്നു.
ഭൂഷണ് കുമാറിനെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 376( ബലാത്സംഗം), 420 (വഞ്ചന), 506 (ഭീഷണിപ്പെടുത്തി) എന്നീ വകുപ്പുകള്‍ പ്രകാരം കേസെടുത്തതായി പോലീസ് പറഞ്ഞു.
ഗുല്‍ഷണ്‍ കുമാര്‍ സ്ഥാപിച്ചതാണ് ടി-സിരീസ് മ്യുസിക് റെക്കോര്‍ഡ് , സിനിമ നിര്‍മ്മാണ കമ്പനി. 'കാസറ്റ് കിംഗ്' എന്നറിയപ്പെട്ടിരുന്ന ഗുല്‍ഷണ്‍ 1997ല്‍ മുംബൈയിലെ അന്തേരിയില്‍ വെടിയേറ്റു മരിക്കുകയായിരുന്നു.






