എസ്.ബി.ഐയുടെ പേരില്‍ ഉപഭോക്താക്കളുടെ മൊബൈലിലേക്ക് വ്യാജ എസ്.എം.എസ് സന്ദേശമയച്ച് നടക്കുന്ന തട്ടിപ്പിനെതിരേ ജാഗ്രത പുലര്‍ത്തണമെന്ന് കേരള പൊലീസ്. എസ് ബി ഐയുടെ ബാങ്കിങ് ആപ്ലിക്കേഷനായ 'യോനോ' ആപ്ലിക്കേഷന്‍ ബ്ലോക്ക് ചെയ്യപ്പെട്ടു എന്ന രീതിയിലുള്ള വ്യാജ സന്ദേശമാണ് ഉപഭോക്താക്കള്‍ക്ക് ലഭിക്കുക. സന്ദേശത്തോടൊപ്പം ലഭിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയരുതെന്നും പൊലീസ് മുന്നറിയിപ്പ് നല്കി.
തട്ടിപ്പ് രീതിയെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ എസ്.ബി.ഐയില്‍ നിന്ന് എന്ന വ്യാജേന ഉപഭോക്താക്കളുടെ മൊബൈല്‍ നമ്പറുകളിലേക്ക് YONO ബാങ്കിങ്ങ് ആപ്ലിക്കേഷന്‍ ബ്ലോക്ക് ചെയ്യപ്പെട്ടു SMS സന്ദേശം അയക്കുന്നു. യഥാര്‍ത്ഥ സന്ദേശമാണെന്ന് വിശ്വസിച്ച് ഉപഭോക്താവ്, ഇതിനോടനുബന്ധിച്ച് നല്‍കിയിട്ടുള്ള ലിങ്ക് ക്ലിക്ക് ചെയ്യുന്നു.
തത്സമയം SBI യുടേതാണെന്ന് തോന്നിപ്പിക്കുന്ന ഒരു വെബ് സൈറ്റിലേക്ക് പ്രവേശിക്കുകയും, അവിടെ യൂസര്‍നെയിം, പാസ് വേഡ്, OTP എന്നിവ ടൈപ്പ് ചെയ്യാന്‍ ആവശ്യപ്പെടുകയും ചെയ്യുന്നു. യഥാര്‍ത്ഥ SBI വെബ് സൈറ്റ് എന്ന് തെറ്റിദ്ധരിച്ച് ഉപഭോക്താവ് അവരുടെ വിവരങ്ങള്‍ നല്കുന്നു. ബാങ്ക് അക്കൌണ്ടിലുള്ള പണം നഷ്ടപ്പെടുന്നു.




