
പൾസർ എൻഎസ്160, പൾസർ എൻഎസ്200 എന്നിവ ബജാജിന്റെ പൾസർ ശ്രേണിയിൽ നേക്കഡ് സ്പോർട്ട് (എൻഎസ്) ബൈക്കുകളാണ്. ഈ വർഷം ഏപ്രിലിലാണ് ഇവയുടെ കുഞ്ഞനുജനായി പൾസർ NS 125 വിപണിയിലെത്തിയത്. പൾസർ NS 125ന്റെ വില കൃത്യം മൂന്ന് മാസം കഴിഞ്ഞപ്പോൾ ബജാജ് കൂട്ടി. 4,416 രൂപ കൂട്ടിയതോടെ 98,259 ആണ് പൾസർ NS 125യുടെ പുതിയ എക്സ്-ഷോറൂം വില. പൾസർ NS 125ന് ഇപ്പോൾ ബജാജ് പൾസർ 150 നിയോൺ എബിഎസ് പതിപ്പിനേക്കാൾ 1,037 രൂപ കൂടുതലാണെന്നാണ് റിപ്പോർട്ട്.
ബജാജ് പൾസർ NS 125 നിങ്ങൾക്ക് പെഡറ്റർ ഗ്രേ, ബീച്ച് ബ്ലൂ, ഫിയറി ഓറഞ്ച്, ബേർൺഡ് റെഡ് എന്നിങ്ങനെ നാല് നിറങ്ങളിൽ വാങ്ങാം. 124.45 സിസി ബിഎസ് 6 ഡിടിഎസ്-ഐ എഞ്ചിൻ ആണ് പൾസർ NS 125-യുടെ ഹൃദയം. 8,500 ആർപിഎമ്മിൽ 11.82 ബിഎച്ച്പി കരുത്തും 7,000 ആർപിഎമ്മിലും 11 എൻഎം ടോർക്കും ഈ എൻജിൻ ഉത്പാദിപ്പിക്കുന്നു. 5-സ്പീഡ് ഗിയർബോക്സുമായാണ് എൻജിൻ ബന്ധിപ്പിച്ചിരിക്കുന്നത്.
പൾസർ NS 125-നും മറ്റുള്ള NS മോഡലുകൾക്ക് സമാനമായ രൂപകല്പനയാണ് ഉള്ളത്. സ്പ്ലിറ്റ് ഗ്രാബ് റെയിൽ, മാസ്ക്കുലാർ ആയ പെട്രോൾ ടാങ്ക്, സ്പ്ലിറ്റ് സീറ്റ്, സ്പോർട്ടി ലുക്കുള്ള ഹെഡ്ലാംപ് എന്നിങ്ങനെ പൾസർ എൻഎസ് ബൈക്കുകളുടെ അടിസ്ഥാന ഫീച്ചറുകളെല്ലാം പൾസർ NS 125-യിലും ഇടം പിടിച്ചിട്ടുണ്ട്. എന്നാൽ, പൾസർ NS 125-യിൽ ചേട്ടൻ മോഡലുകളിലെ വെള്ള നിറത്തിലുള്ള ഫ്രെയിം, അലോയ് വീലുകൾ എന്നിവ ഇടം പിടിച്ചിട്ടില്ല. പൾസർ NS 160-യെക്കാൾ 7 കിലോഗ്രാം ഭാരം കുറഞ്ഞ് 144 കിലോഗ്രാം ആണ് പൾസർ NS 125-യുടെ ഭാരം.






