
സോഫിയ: മത്സരത്തില്‍ ബിക്കിനി ധരിക്കാത്തതില്‍ നോര്‍വേ ബീച്ച് ഹാന്‍ഡ്ബോള്‍ വനിതാ ടീമിന് പിഴ. ബള്‍ഗേറിയയില്‍ നടക്കുന്ന യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പ് മത്സരത്തിലാണ് നോര്‍വേ ടീം ബിക്കിനി ബോട്ടമിന് പകരം ഷോര്‍ട്ട്സ് ധരിച്ചിറങ്ങിയത്. ഇതേതുടര്‍ന്നാണ് യൂറോപ്യന്‍ ഹാന്‍ഡ്ബോള്‍ ഫെഡറേഷന് തിങ്കളാഴ്ച ടീമിന് 1,500 യൂറോ പിഴ വിധിച്ചത്. ഞായറാഴ്ച നടന്ന ലൂസേഴ്സ് ഫൈനലില്‍ സ്പെയിനുമായുള്ള മത്സരത്തില്‍ ബീച്ച് ഹാന്‍ഡ്ബോള്‍ വേഷമായ ബിക്കിനിക്ക് പകരം ഷോര്‍ട്ട്സ് ഇട്ടാണ് നോര്‍വേ ടീം കളത്തിലിറങ്ങിയത്.
ഐഎച്ച്എഫ് ബീച്ച് ഹാന്‍ഡ്ബോള്‍ നിയമങ്ങളില്‍ നിര്‍വചിച്ചിരിക്കുന്ന അത്ലറ്റ് യൂണിഫോം റെഗുലേഷന് അനുസരിച്ചല്ല ടീമിന്റെ വസ്ത്രധാരണം എന്നും, അനുചിതമായ വസ്ത്രങ്ങളാണ് ധരിച്ചതെന്ന് യൂറോപ്യന്‍ ഹാന്‍ഡ്ബോള്‍ ഫെഡറേഷന് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
രാജ്യാന്തര ഹാന്‍ഡ്ബോള്‍ ഫെഡറേഷന് നിയമാവലി പ്രകാരം വനിതാ താരങ്ങള്‍ ബിക്കിനി ബോട്ടം ധരിച്ചിരിക്കണമെന്നാണ്. ബിക്കിനി നാല് ഇഞ്ചില്‍ കൂടുതല്‍ ആകരുതെന്നും നിഷ്കര്‍ച്ചിട്ടുണ്ട്. എന്നാല്‍ പുരുഷ താരങ്ങള്‍ക്ക് നാല് ഇഞ്ചില്‍ കൂടുതലോ ഷോര്‍ട്ട്സോ ധരിക്കാം. വളരെയധികം വിമര്‍ശിക്കപ്പെടുന്നതും വിവാദപരവുമായ നിയമത്തിനെതിരെ നിലപാട് സ്വീകരിച്ചതില്‍ അഭിമാനമുണ്ടെന്ന് നോര്‍വീജിയന്‍ ഹാന്‍ഡ്ബോള്‍ ഫെഡറേഷന് വ്യക്തമാക്കി. എന്‍എച്ച്എഫ് 2006 മുതല്‍ ഈ നിയമത്തെക്കുറിച്ച് പരാതിപ്പെടുന്നുണ്ട്. സംഭവത്തില്‍ തങ്ങളുടെ താരങ്ങള്‍ക്കൊപ്പമാണ് തങ്ങളെന്ന് സംഘടന ഇന്‍സ്റ്റഗ്രാം പേജിലുടെ അറിയിച്ചു. കൂടാതെ കളിക്കാര്‍ക്ക് അനുയോജ്യമായ വസ്ത്രങ്ങള്‍ അവരുടെ സൗകര്യത്തിന് അനുസരിച്ച് വേണമെന്നും അസോസിയേഷന് ആവശയപ്പെട്ടു. കളിക്കാര്‍ക്ക് വേണ്ടി തങ്ങള്‍ തന്നെ പിഴയടയ്ക്കുമെന്നും നോര്‍വീജിയന്‍ ഹാന്‍ഡ്ബോള്‍ അസോസിയേഷന് വ്യക്തമാക്കിയിട്ടുണ്ട്. ഓരോ താരങ്ങള്‍ക്കും 150 യൂറോ വീതമാണ് പിഴ വിധിച്ചിരിക്കുന്നത്.






