
ഇറ്റാലിയൻ ബൈക്ക് നിർമ്മാതാക്കളായ ഡ്യുക്കാട്ടി പ്രീമിയം അഡ്വഞ്ചർ ടൂറർ ബൈക്ക് തേടുന്നവർക്കായി മൾട്ടിസ്ട്രാഡ V4 ഇന്ത്യയിലവതരിപ്പിച്ചു. മൾട്ടിസ്ട്രാഡ V4, V4 S എന്നിങ്ങനെ രണ്ട് പതിപ്പുകളിൽ വില്പനക്കെത്തിയിരിക്കുന്ന ഡ്യുക്കാട്ടി മൾട്ടിസ്ട്രാഡ V4ന് യഥാക്രമം 18.99 ലക്ഷം രൂപയും 23.10 ലക്ഷം രൂപയുമാണ് എക്സ്-ഷോറൂം വില.
റിപ്പോർട്ട് പ്രകാരം മുൻപിലും പുറകിലും റഡാർ റൈഡർ-അസിസ്റ്റൻസ് സിസ്റ്റം അവതരിപ്പിക്കുന്ന ലോകത്തിലെ ആദ്യത്തെ ബൈക്ക് എന്ന വിശേഷണവുമായാണ് ഡ്യുക്കാട്ടി മൾട്ടിസ്ട്രാഡ V4 എത്തുന്നത്. ഡ്യുക്കാട്ടി റെഡ് നിറത്തിലും, മൾട്ടിസ്ട്രാഡ V4 S ഡ്യുക്കാട്ടി റെഡ്, ഏവിയേറ്റർ ഗ്രേ എന്നീ നിറങ്ങളിലും ഡ്യുക്കാട്ടി മൾട്ടിസ്ട്രാഡ V4 വാങ്ങാം. നാല് വാൽവുകളുള്ള ലിക്വിഡ്-കൂൾഡ് V4 ഗ്രാന്റ് ടൂറിസ്മോ എൻജിനാണ് മൾട്ടിസ്ട്രാഡ V4, V4 S ബൈക്കുകളെ ചലിപ്പിക്കുന്നത്. ഈ എൻജിൻ 170 എച്ച്പി പവറും (10,500 ആർപിഎം), 125 എൻഎം ടോർക്കുമാണ് (8,750 ആർപിഎം) നിർമ്മിക്കുന്നത്. കൗണ്ടർ-റൊട്ടേറ്റിംഗ് ക്രാങ്ക്ഷാഫ്റ്റ്, ട്വിൻ പൾസ് ഫയറിംഗ് ഓർഡർ എന്നിവയും എൻജിനുണ്ട്.
6.5' കളർ ടിഎഫ്ടി ഡിസ്പ്ലേ, കോർണറിംഗ് ലൈറ്റ്സ് (ഡിസിഎൽ) ഉള്ള എൽഇഡി ലൈറ്റിംഗ് സംവിധാനം, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ബ്ലൈൻഡ് സ്പോട്ട് ഡിറ്റക്ഷൻ, 220 മില്ലീമീറ്റർ ഗ്രൗണ്ട് ക്ലിയറൻസ് തുടങ്ങിയവയാണ് മറ്റു ഫീച്ചറുകൾ. 218 കിലോഗ്രാം ഭാരമുള്ള ബൈക്കിന് 22 ലിറ്ററാണ് പെട്രോൾ ടാങ്ക് കപ്പാസിറ്റി. അലുമിനിയം മോണോകോക്ക് ഫ്രെയിമിൽ തയ്യാറാക്കിയിക്കുന്ന ഡ്യുക്കാട്ടി മൾട്ടിസ്ട്രാഡ V4ന് 19 ഇഞ്ച് ഫ്രണ്ട് വീൽ, 17 ഇഞ്ച് റിയർ വീലുമാണ്.






