
ജാപ്പനീസ് ഇരുചക്ര വാഹന നിർമ്മാതാക്കളായ യമഹ കഴിഞ്ഞ മാസമാണ് നിയോ-റെട്രോ ലുക്കിൽ FZ-X ബൈക്ക് വിപണയിലെത്തിച്ചത്. ഫാസിനോ 125 ഹൈബ്രിഡ് സ്കൂട്ടറും അവതരണത്തിന്റെ ഭാഗമായി യമഹ അവതരിപ്പിച്ചിരുന്നു. ഇപ്പോളിതാ ഫാസിനോ 125 ഹൈബ്രിഡിനെ യമഹ വില്പനക്കെത്തിച്ചിരിക്കുന്നു.
റിപ്പോർട്ട് പ്രകാരം ഡ്രം ബ്രെയ്ക്ക്, ഡിസ്ക് ബ്രെയ്ക്ക് പതിപ്പുകളിൽ ലഭ്യമായ ഫാസിനോ 125 ഹൈബ്രിഡ് സ്കൂട്ടറിന് യഥാക്രമം 70,000 രൂപയും, 76,530 രൂപയുമാണ് എക്സ്-ഷോറൂം വില. അതായത് ഫാസിനോ 125 ഡ്രം പതിപ്പിന്റെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ഹൈബ്രിഡ് ഡ്രം പതിപ്പിന്റെ വില 2,000 രൂപ കുറവാണ്. അതെ സമയം ഡിസ്ക് ബ്രെയ്ക്ക് പതിപ്പിന്റെ കാര്യത്തിൽ 1,000 രൂപ കൂടി.
ഫാസിനോ 125 ഹൈബ്രിഡിലും ബിഎസ്6 മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങൾ പാലിക്കുന്ന 125 സിസി എയർ-കൂൾഡ് ആൻഡ് ഫ്യൂവൽ ഇഞ്ചെക്റ്റ് (എഫ്ഐ), ബ്ലൂ കോർ എഞ്ചിൻ തന്നെയാണ് കരുത്ത്. ഇപ്പോൾ പുതുതായി സ്മാർട്ട് മോട്ടോർ ജനറേറ്റർ (എസ്എംജി) നൽകി. കൂടുതൽ സ്മൂത്ത് ആയ സൈലന്റ് എങ്ങിനെ സ്റ്റാർട്ട് ആണ് ഇതിലൂടെ ലഭിക്കുക. വിവിഡ് റെഡ് സ്പെഷ്യൽ, മാറ്റ് ബ്ലാക്ക് സ്പെഷ്യൽ, കൂൾ ബ്ലൂ മെറ്റാലിക്, ഡാർക്ക് മാറ്റ് ബ്ലൂ, സിയാൻ ബ്ലൂ, വിവിഡ് റെഡ്, മെറ്റാലിക് ബ്ലാക്ക്, സ്യൂവ് കോപ്പർ, യെല്ലോ കോക്ടെയ്ൽ എന്നിങ്ങനെ 9 നിറങ്ങളിൽ യമഹ ഫാസിനോ 125 ഹൈബ്രിഡ് ഡിസ്ക് ബ്രെയ്ക്ക് പതിപ്പ് സ്വന്തമാക്കാം. വിവിഡ് റെഡ്, കൂൾ ബ്ലൂ മെറ്റാലിക്, ഡാർക്ക് മാറ്റ് ബ്ലൂ, സ്യൂവ് കോപ്പർ, സിയാൻ ബ്ലൂ, യെല്ലോ കോക്ക്ടെയിൽ, മെറ്റാലിക് ബ്ലാക്ക് എന്നിങ്ങനെ 7 നിറങ്ങളിലാണ് ഡ്രം ബ്രെയ്ക്ക് മോഡൽ ലഭ്യമാണ്.






