പ്രീമിയം ഹാച്ച്ബാക്കായ അൽട്രോസിന്റെ ഇലക്ട്രിക്ക് വകഭേദം ടാറ്റ മോട്ടോർസ് അധികം വൈകാതെ വിപണിയിൽ അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ട്. ടാറ്റ മോട്ടോർസ് 2019ലെ ജനീവ മോട്ടോർ ഷോയിലാണ് ആൾട്രോസ് ഹാച്ച്ബാക്കിനൊപ്പം ആൾട്രോസ് ഇവി ഇലക്ട്രിക്ക് പതിപ്പിനെയും ടാറ്റ മോട്ടോർസ് അവതരിപ്പിച്ചത്.
ആൽട്രോസ് ഇവിയ്ക്ക് ഫുൾ ചാർജിൽ 250 കിലോമീറ്റർ മുതൽ 300 കിലോമീറ്റർ വരെ സഞ്ചരിക്കാനുള്ള റേഞ്ച് ഉണ്ടാകും എന്നായിരുന്നു റിപ്പോർട്ടുകൾ. ടീം ബിഎച്പി റിപ്പോർട്ട് പ്രകാരം ഏകദേശം 500 കിലോമീറ്റർ റെയ്ഞ്ചുമായി ആയിരിക്കും ടാറ്റ മോട്ടോർസ് ഈ വാഹനം പുറത്തിറക്കുക. ആൽട്രോസ് ഇവിയും നെക്സോൺ ഇവി അടിസ്ഥാനമായ ‘സിപ്ട്രോൺ’ വൈദ്യുത പവർട്രെയിനിൽ തന്നെയാവും തയ്യാറാവുക എന്നാണ് റിപ്പോർട്ട്.
IP67 മാനദണ്ഡങ്ങൾ പാലിക്കുന്ന 30.2 kWh ലിഥിയം അയൺ ബാറ്ററിയിൽ നിന്ന് ഊർജം സ്വീകരിച്ചു പ്രവർത്തിക്കുന്ന പെർമനെന്റ് മാഗ്നെന്റിക് എസി ഇലക്ട്രിക്ക് മോട്ടറാണ് നെക്സോൺ ഇവിയുടെ കരുത്ത്. കപ്പാസിറ്റി കൂടിയ ബാറ്റെറിയോ അല്ലെങ്കിൽ ഒന്നിൽ കൂടുതൽ ബാറ്റെറിയോ ആൽട്രോസ് ഇവിയിൽ ടാറ്റ മോട്ടോർസ് ഉൾപ്പെടുത്തും എന്നാണ് സൂചന. ഒരു മണിക്കൂർ കൊണ്ട് 80 ശതമാനം വരെ ബാറ്ററി ചാർജ് ചെയ്യാവുന്ന ഫാസ്റ്റ് ചാർജിങ് സംവിധാനം ആൽട്രോസ് ഇവിയിൽ നൽകിയേക്കും. ആൽട്രോസ് ഇവിയ്ക്ക് ഏകദേശം 10 ലക്ഷം രൂപയിൽ കൂടുതൽ വില പ്രതീക്ഷിക്കാം.






