ടാറ്റ മോട്ടോഴ്സിന്റെ ഐതിഹാസിക മോഡലായ സഫാരി വീണ്ടും വിപണിയിൽ എത്തിയിട്ട് അഞ്ച് മാസമാകുന്നു. ഈ കോവിഡ് 19 മഹാമാരി കാലത്തും മികച്ച സ്വീകാര്യത സ്വന്തമാക്കിയ ഈ എസ്.യു.വി.യുടെ കുതിപ്പ് തുടരുകയാണ്. ഇന്ത്യയുടെ ജനപ്രിയ വാഹന നിര്‍മാതാക്കളായ ടാറ്റ മോട്ടോഴ്സ് ഇപ്പോൾ സഫാരി എസ്.യു.വിയുടെ ഉത്പാദനം 10,000-ത്തില്‍ എത്തിയതിന്റെ ആഘോഷങ്ങളിലാണെന്നാണ് റിപ്പോർട്ട്.
10000 എന്ന മാജിക്ക് നമ്പര്‍ തികച്ച വാഹനം ടാറ്റയുടെ പൂണെയിലെ പ്ലാന്റിന് നിന്നാണ് നിര്‍മാണം പൂര്‍ത്തിയാക്കി പുറത്തിറങ്ങിയത്. സഫാരിയുടെ 100 വാഹനങ്ങളുടെ നിര്‍മാണം കഴിഞ്ഞ ഫെബ്രുവരിയിലാണ് പൂര്‍ത്തിയാക്കിയത്. ഈ മഹാമാരി കാലത്ത് ബാക്കിയുള്ള 9900 വാഹനങ്ങളുടെ നിര്‍മാണം പൂര്‍ത്തിയാക്കാന്‍ സാധിച്ചതും ടാറ്റയുടെ നേട്ടമായാണ് വിശേഷിപ്പിക്കപ്പെടുന്നത്. വില്‍പ്പനയിലും സഫാരി മികച്ച നേട്ടമാണ് കൈവരിച്ചത്.
ടാറ്റയുടെ ഫ്ളാഗ്ഷിപ്പ് എസ്.യു.വിയായ സഫാരി നിർമിച്ചിരിക്കുന്നത് ടാറ്റയും ജാഗ്വാര്‍ ലാന്‍ഡ് റോവറും സംയുക്തമായി വികസിപ്പിച്ച ഒമേഗ പ്ലാറ്റ്ഫോമിലാണ്. XE, XM, XT, XT+, XZ, XZ+ എന്നീ ആറ് വേരിയന്റുകളിലായി ആറ് സീറ്റ് പതിപ്പായാണ് ടാറ്റയുടെ സഫാരി ഇന്ത്യയിൽ എത്തിയത്. സഫാരി എസ്.യു.വിക്ക് കരുത്തേകുന്നത് ഫിയറ്റ് വികസിപ്പിച്ച 2.0 ലിറ്റര്‍ നാല് സിലിണ്ടര്‍ ഡീസല്‍ എന്‍ജിനാണ്. ഈ എന്ജിന് 168 ബി.എച്ച്.പി.പവറും 350 എന്‍. എം.ടോര്‍ക്കുമേകും. ആറ് സ്പീഡ് മാനുവല്‍ ട്രാന്സ്മിഷന് കൂടാതെ, ഹ്യുണ്ടായി വികസിപ്പിച്ച ആറ് സ്പീഡ് ടോര്‍ക്ക് കണ്‍വേര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്സും ട്രാന്സ്മിഷന് ഒരുക്കും.






