
പഴയ നോക്കിയ ഫോൺ ഉപയോഗിച്ചവർക്ക് അറിയാം നിലത്ത് വീണാലോ, വലിച്ചെറിഞ്ഞാലോ ഫോണിന് ഒന്നും പറ്റില്ലെന്ന്. കാരണം ആദ്യ കാല നോക്കിയ ഫോണുകൾ ബിൽഡ് ക്വാളിറ്റിയിൽ ഏറെ മുന്നിലായിരുന്നു. എന്നാൽ, നിലവിൽ വിപണിയിലുള്ള നോക്കിയ ഫോണുകൾ പഴയ ഫോണുകളെ പോലെ കരുത്തർ അല്ലെന്ന് പരാതി ഉണ്ടായിരുന്നു. റിപ്പോർട്ട് അനുസരിച്ച് നോക്കിയ പുതുതായി അവതരിപ്പിച്ചിരിക്കുന്ന XR20 സ്മാർട്ട്ഫോൺ ഇക്കാര്യത്തിൽ ബിൽഡ് ക്വാളിറ്റിയിൽ മുന്നിലാണ്.
ഗ്രാനൈറ്റ്, അൾട്രാ ബ്ലൂ നിറങ്ങളിലാണ് നോക്കിയ XR20 വിപണിയിലെത്തിയിരിക്കുന്നത്. 4 ജിബി റാമും 64 ജിബി ഓൺബോർഡ് സ്റ്റോറേജുമുള്ള നോക്കിയ XR20യുടെ വില 499 യൂറോ (ഏകദേശം 43,800 രൂപ) ആണ്. 6 ജിബി റാമും 128 ജിബി ഓൺബോർഡ് സ്റ്റോറേജുമുള്ള മറ്റൊരു പതിപ്പിലും നോക്കിയ XR20 അവതരിപ്പിച്ചിട്ടുണ്ട് എങ്കിലും വില പുറത്ത് വിട്ടിട്ടില്ല. ട്രക്കിങ് അല്ലെങ്കിൽ ഹൈക്കിങ് ഇഷ്ടപ്പെടുന്നവർക്ക് നോക്കിയ XR20 പോലുള്ള 'റഫ് ആൻഡ് ടഫ്' ആയ ഫോൺ ഉണ്ടെങ്കിൽ നല്ലതാണ്.
ഒക്ടാകോർ ക്വാൽകോം സ്നാപ്ഡ്രാഗൺ 480 SoC ആണ് പ്രോസസ്സർ. നനഞ്ഞ കൈകളും കയ്യുറകളും ഉപയോഗിച്ചാലും ഡിസ്പ്ലേ പ്രവർത്തിക്കും. 20:9 ആസ്പെക്ട് റേഷ്യോയും കോർണിംഗ് ഗോറില്ല ഗ്ലാസ് വിക്ടസ് പരിരക്ഷണവുമുള്ള 6.67 ഇഞ്ച് ഫുൾ എച്ച്ഡി + (1,080x2,400 പിക്സൽ) ഡിസ്പ്ലേയാണ് ഫോണിൽ. ഡ്യുവൽ സിം (നാനോ) ഫോൺ ആയ നോക്കിയ XR20 ആൻഡ്രോയിഡ് 11ൽ ആണ് പ്രവർത്തിക്കുന്നത്. വയർ, വയർലെസ് (ക്യു സ്റ്റാൻഡേർഡ്) ചാർജിംഗിനെ പിന്തുണയ്ക്കുന്ന 4,630 എംഎഎച്ച് ബാറ്ററിയാണ് ഫോണിൽ.
48 മെഗാപിക്സൽ പ്രൈമറി സെൻസറും 13 മെഗാപിക്സൽ അൾട്രാ വൈഡ് ഷൂട്ടറും ഉൾക്കൊള്ളുന്ന ഇരട്ട പിൻ ക്യാമറയാണ് നൽകിയിരിക്കുന്നത്. രണ്ട് ക്യാമറ സെൻസറുകളും ZEISS ഒപ്റ്റിക്സ് ആണ് ക്രമീകരിച്ചിരിക്കുന്നത്. സെൽഫികൾക്കും വീഡിയോ ചാറ്റുകൾക്കുമായി 8 മെഗാപിക്സൽ സെൽഫി ക്യാമറ ഉണ്ട്. മൈക്രോ എസ്ഡി കാർഡ് വഴി 512 ജിബി വരെ ഫോണിന്റെ മെമ്മറി വർദ്ധിപ്പിക്കാം. 5 ജി, 4 ജി എൽടിഇ, വൈ-ഫൈ 6, ബ്ലൂടൂത്ത് വി 5.1, ജിപിഎസ് / എ-ജിപിഎസ് / നാവിക്, എൻഎഫ്സി, യുഎസ്ബി ടൈപ്പ്-സി, 3.5 എംഎം ഹെഡ്ഫോൺ ജാക്ക് എന്നിവയാണ് കണക്ടിവിറ്റി ഓപ്ഷനുകൾ.






