
പിയാജിയോ വെഹിക്കിള്‍സ് തങ്ങളുടെ ആപെ എച്ച്ടി ശ്രേണിയില്‍ 300 സിസി പെട്രോള്‍, സിഎന്‍ജി ഓട്ടോറിക്ഷകളും ചരക്ക് വാഹനങ്ങളും ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. പെട്രോള്‍ ഉപയോഗിക്കുന്ന ആപെ എക്സ്ട്രാ എച്ച്ടി, സിഎന്‍ജി ഉപയോഗിക്കുന്ന ആപെ ഓട്ടോ എച്ച്ടി ഡിഎക്സ്, ആപെ ഓട്ടോ എച്ച്ടി ഡിഎക്സ്എല്‍, ആപെ ഓട്ടോ എച്ച്ടി എന്നീ യാത്രാ വാഹനങ്ങളും സിഎന്‍ജി ഉപയോഗിക്കുന്ന ആപെ എക്സ്ട്രാ എച്ച്ടി, ആപെ എക്സ്ട്രാ എച്ച്ടി എല്‍ഡിഎക്സ് എന്നീ ചരക്ക് വാഹനങ്ങളുമാണ് എച്ച്ടി ശ്രേണിയില്‍ ഉള്‍പ്പെടുന്നത്.
ആപെ എക്സ്ട്രാ എച്ച്ടി സിഎന്‍ജി (കാര്‍ഗോ) മോഡലിന് 2,45,642 രൂപയും ആപെ എക്സ്ട്രാ എച്ച്ടി പെട്രോള്‍ (കാര്‍ഗോ) മോഡലിന് 2,24,942 രൂപയും ആപെ ഓട്ടോ എച്ച്ടി ഡിഎക്സ് സിഎന്‍ജി (പാസഞ്ചര്‍) മോഡലിന് 2,55,980 രൂപയുമാണ് പുണെ എക്സ് ഷോറൂം വില. എച്ച്ടി പെട്രോള്‍ വാഹനങ്ങള്‍ക്ക് 5 വര്‍ഷം അല്ലെങ്കില്‍ 1.5 ലക്ഷം കിലോമീറ്റര്‍ വരെ, സിഎന്‍ജി മോഡലുകള്‍ക്ക് 3 വര്‍ഷം അല്ലെങ്കില്‍ ഒരു ലക്ഷം കിലോമീറ്റര്‍ വരെ വാറന്റി ലഭിക്കും. കൂടാതെ, ആറ് സൗജന്യ സര്‍വീസുകളും ഉണ്ടായിരിക്കും. 5 അടി, 5.5 അടി, 6 അടി എന്നീ ഡക്ക് ലെംഗ്ത്തുകളിലായി മൂന്ന് വേരിയന്റുകളില്‍ എച്ച്ടി ചരക്ക് വാഹനങ്ങള്‍ ലഭിക്കും.
കൂടുതല്‍ കരുത്തും ടോര്‍ക്കും വേണ്ടവർക്ക് ഇറ്റലിയിലെ മാതൃ സ്ഥാപനത്തിന്റെ സഹകരണത്തോടെ എച്ച്ടി ശ്രേണിയിലെ വാട്ടര്‍ കൂള്‍ഡ് 300 സിസി എന്ജിൻ തദ്ദേശീയമായി രൂപകല്‍പ്പന ചെയ്തതാണെന്ന് പിയാജിയോ വെഹിക്കിള്‍സ് ഇന്ത്യ മാനേജിംഗ് ഡയറക്റ്റര്‍ ഡിയാഗോ ഗ്രാഫി പറഞ്ഞു. മൂന്നുചക്ര ചരക്ക് വാഹനങ്ങളുടെ വിഭാഗത്തില്‍ പെട്രോള്‍ മോഡല്‍ ലഭ്യമാക്കുന്ന ഏക കമ്പനിയാണ് തങ്ങളെന്ന് പിയാജിയോ വൈസ് പ്രസിഡന്റും വാണിജ്യ വാഹന വിഭാഗം തലവനുമായ സാജു നായര്‍ പറഞ്ഞു.






