
പി.എസ്.സി റാങ്ക് പട്ടിക കാലാവധി നീട്ടി നല്‍കാനാവില്ലെന്ന് മുഖ്യമന്ത്രി. അസാധാരണമായ സാഹചര്യം സംസ്ഥാനത്ത് നിലവിലില്ല. പട്ടികയില്‍ അവസാന ആള്‍ക്ക് വരെ ജോലി നല്കാന് സര്‍ക്കാരിനാവില്ല. സംവരണ പട്ടിക കൂടി പരിഗണിക്കുന്നതിനാലാണ് പട്ടികയില്‍ നിന്നുള്ള നിയമനം നീണ്ടുപോയതെന്നും മുഖ്യമന്ത്രി പറഞ്ഞു.
കോവിഡ് വ്യാപനം കുറഞ്ഞാല്‍ പി.എസ്.സി പരീക്ഷയും അഭിമുഖവും നടത്തും. മൂന്നു വര്‍ഷം കഴിഞ്ഞ പട്ടികകള്‍ നീട്ടാന്‍ കഴിയില്ല. ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ കാലാതാമസം വന്നിട്ടില്ല. പ്രതിപക്ഷം പി.എസ്.സിയെ അപമാനിക്കാന്‍ ശ്രമിക്കുകയാണെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു.
എന്നാല്‍ ഉദ്യോഗാര്‍ത്ഥികളെ ശത്രുക്കളായല്ല, മക്കളായി കാണണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന് ആവശ്യപ്പെട്ടു. അസാധാരണ സാഹചര്യം വന്നര വര്‍ഷം വരെ പട്ടിക നീട്ടാനാവും. 493 പട്ടികകള്‍ നീട്ടിയിട്ടും പ്രയോജനമുണ്ടായില്ല. ആവര്‍ത്തിച്ചുവന്ന പ്രളയവും കോവിഡ് മഹാമാരിയും ലോക്ഡൗണും അസാധാരണ സാഹചര്യമായി കാണണമെന്നും ഉദ്യോഗാര്‍ത്ഥികളോട് ദയവോടെ പെരുമാറണമെന്ന് അപേക്ഷിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ഉദ്യോഗാര്‍ത്ഥികളോട് ശത്രുതയോടെ പെരുമാറരുതെന്ന് പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടിയും ആവശ്യപ്പെട്ടു.
എന്നാല്‍ പി.എസ്.സിയെ അപമാനിച്ചത് പ്രതിപക്ഷമല്ലെന്ന് ഷാഫി പറമ്പില്‍ മുഖ്യമന്ത്രിക്ക് മറുപടി നല്കി. റാങ്ക് പട്ടിക അട്ടിമറിച്ചും ആള്‍മാറാട്ടം നടത്തിയും കോപ്പിയടിച്ചും സര്‍ക്കാരാണ് പി.എസ്.സിയെ അപമാനിച്ചതെന്ന് ഷാഫി പറമ്പില്‍ പറഞ്ഞു.
അതിനിടെ, സെക്രട്ടേറിയറ്റ് നടയില്‍ വനിതകള്‍ മുടി മുറിച്ച് പ്രതിഷേധിക്കുകയാണ്. വനിത പോലീസ് റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ടവരാണ് പ്രതിഷേധിച്ചത്. . നോര്‍ത്ത് ഗേറ്റ് വരെ പ്രതിഷേധ മാര്‍ച്ച് നടത്തി തിരികെയെത്തി. ഇവരുടേത് അടക്കമുള്ള റാങ്ക് ലിസ്റ്റുകളുടെ കാലാവധി നാളെ കഴിയുകയാണ്. 2085 പേര് ഉള്‍പ്പെട്ട ഈ പട്ടികയില്‍ 500ല്‍ ഏറെ പേര്‍ക്ക് മാത്രമാണ് നിയമനം നല്‍കാനായത്.






