മലയാള സിനിമയിൽ വേറിട്ട പ്രകടനം കാഴ്ചവെച്ച് കാണികളെ അമ്പരപ്പിച്ച നടനാണ് ജോജു ജോര്‍ജ്. താരത്തിന് കൂട്ടായി ഇപ്പോൾ ഒരു ലാൻഡ് റോവർ ഡിഫൻഡറും എത്തിയിരിക്കുന്നു. ഡിഫൻഡറിന്റെ 4 ഡോർ പതിപ്പായ 110ന്റെ ഫസ്റ്റ് എഡിഷൻ പതിപ്പാണ് ജോജു വാങ്ങിയത്. ബ്രിട്ടീഷ് ആഡംബര വാഹന നിര്‍മാതാക്കളായ ലാൻഡ് റോവറിന്റെ ഐതിഹാസിക മോഡലുകളിലൊന്നായിരുന്നു ഡിഫൻഡർ.
83 ലക്ഷം രൂപ മുതല്‍ 1.12 കോടി രൂപ വരെയാണ് ഈ എസ്.യു.വിയുടെ ഇന്ത്യയിലെ എക്സ്ഷോറും വില. 2.0 ലിറ്റര്‍ നാല് സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനിലാണ് ഡിഫന്‍ഡര്‍ ഇന്ത്യയിൽ എത്തിയത്. ഇത് 292 ബിഎച്ച്പി പവറും 400 എന്‍എം ടോര്‍ക്കുമേകും. 145 ഡിഗ്രി വരെ ചെരിവുള്ള പ്രതലത്തില്‍ സഞ്ചരിക്കാന്‍ സാധിക്കുന്ന ടെറൈന്‍ റെസ്പോണ്‍സ് സംവിധാനവും വാഹനത്തിലുണ്ടെന്നാണ് റിപ്പോർട്ട്. ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനിലെത്തുന്ന ഈ വാഹനത്തില്‍ ഓള് വീല്‍ ഡ്രൈവ് സംവിധാനവും ഉണ്ട്.
പത്ത് ഇഞ്ച് വലിപ്പത്തിലുള്ള പുതിയ പിവി പ്രോ ടച്ച്സ്ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റമാണ് പ്രധാന സവിശേഷത. 12.3 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍, ഓവര്‍ ദി എയര്‍ അപ്ഡേറ്റ്സ്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്ട്രോള് നാല് സ്പോക്ക് മള്‍ട്ടി ഫങ്ഷന് സ്റ്റിയറിങ് വീല്‍ തുടങ്ങി നിരവധി ഫീച്ചറുകള്‍ ഇന്റീരിയറിൽ ഒരുങ്ങുന്നു. 291 മില്ലിമീറ്റർ ഗ്രൗണ്ട് ക്ലിയറൻസുണ്ട്. 900 മില്ലിമീറ്റർ വരെ വെള്ളത്തിലൂടെ വാഹനത്തിന് പോകാനുമാകും.






