
റിലയൻസ് ജിയോയുമായി സഹകരിച്ച് ചൈനീസ് വാഹന ഭീമനായ എസ്എഐസി (SAIC)യുടെ ബ്രിട്ടീഷ് വാഹന ബ്രാൻഡ് എംജി മോട്ടോർ ഇന്ത്യ. റിപ്പോർട്ട് അനുസരിച്ച് സെപ്റ്റംബറിൽ വിപണിയിലെത്തുന്ന ആസ്റ്റർ എസ്യുവിക്ക് ജിയോ സിം ആയിരിക്കും ഉപയോഗിക്കുക. വൈദ്യുത വാഹനമായ എംജി സെഡ് എസിന്റെ പെട്രോൾ എൻജിനുള്ള പതിപ്പാവും ആസ്റ്റർ.
എംജി മോട്ടോർ ഇന്ത്യ വിൽപന മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ വിഭാഗത്തിലേക്കു പ്രവർത്തനം വ്യാപിപ്പിക്കുന്നത്. കഴിഞ്ഞ ഓട്ടോ എക്സ്പോയിൽ ആണ് ഹെക്ടർ പ്ലസിനു താഴെ ഇടംപിടിച്ചേക്കാവുന്ന ആസ്റ്റർ എംജി മോട്ടോർ പ്രദർശിപ്പിച്ചിരുന്നു. രൂപകൽപനയിലടക്കം സെഡ് എസിൽ നിന്നു കാര്യമായ മാറ്റമൊന്നുമില്ലാതെയാവും ആസ്റ്റർ എത്തുക. അരങ്ങേറ്റത്തിനു മുന്നോടിയായി ഇന്ത്യയിൽ ഏറെ നാളായി പരീക്ഷണ ഓട്ടത്തിലാണ് ആസ്റ്റർ.
കോംപാക്ട് എസ്യുവി അവതരണം വൈകാൻ പ്രധാന കാരണം കൊറോണ വൈറസ് വ്യാപനവും കോവിഡ് 19 മഹാമാരിയുടെ രണ്ടാം തരംഗവുമാണെന്ന് എംജി മോട്ടോർ ഇന്ത്യ പ്രസിഡന്റും മാനേജിങ് ഡയറക്ടറുമായ രാജീവ് ഛാബ വിശദീകരിക്കുന്നു. പുതിയ വാഹനത്തിലൂടെ ഗുജറാത്തിലെ ഹാലോളിലുള്ള നിർമാണശാലയുടെ ഉൽപ്പാദനശേഷി പൂർണമായും വിനിയോഗിക്കാനാവുമെന്നാണ് എംജി മോട്ടറിന്റെ പ്രതീക്ഷ. ഈ ശാലയുടെ സ്ഥാപിത ഉൽപ്പാദനശേഷി പ്രതിവർഷം ഒരു ലക്ഷം യൂണിറ്റാണെന്നാണ് സൂചന.






