
അഞ്ചാം തലമുറ സിറ്റിക്ക് ഗൂഗിൾ അസിസ്റ്റ് സൗകര്യവുമായി ഹോണ്ട. അലക്സ റിമോട്ട് സംവിധാനം നേരത്തെ തന്നെ സിറ്റിയിൽ ഉണ്ട്. വാഹനത്തിന്റെ ലോക്കേഷൻ കാണിക്കൽ, എസി പ്രവർത്തിപ്പിക്കൽ, ഡോർ ലോക്ക്, അൺലോക്ക്, ടയർപ്രെഷൻ മോണിറ്റർ, ബാറ്ററി ഹെൽറ്റ്, ഇന്ധന നില, മെയിന്റനൻസ് തുടങ്ങി 10 വിവരങ്ങളാണ് ശബ്ദ നിര്‍ദേശത്തിലൂടെ അറിയാൻ സാധിക്കുക. ഹോണ്ട കണക്റ്റ് പ്ലാറ്റ്ഫോമിലും ഇതുമായി ബന്ധപ്പെട്ട് മാറ്റങ്ങൾ വരുത്തിയിട്ടുണ്ടെന്നാണ് ഹോണ്ട അറിയിക്കുന്നത്.
കഴിഞ്ഞ വർഷമാണ് അഞ്ചാം തലമുറ സിറ്റി പുറത്തിറങ്ങിയത്. ഇതിൽ ഹോണ്ടയുടെ ടെലിമാറ്റിക് കൺട്രോൾ യൂണിറ്റും ഉണ്ട്. 17.7 സെന്റീമിറ്റർ ഫുൾ എച്ച്ഡി ടിഎഫ്ടി മീറ്റർ കൺസോൾ, ഫുൾ എൽഇഡി ഹെഡ്ലാംപുകൾ, ഇസഡ് ആകൃതിയിലുള്ള റാപ്പ് എറൗണ്ട് ടെയിൽ ലാംപ്, ലൈൻ വാച്ച് ക്യാമറ, ആംഗിൾ ഹാൻഡിലിങ് അസിസ്റ്റോടു കൂടിയ വെഹിക്കിൾ സ്റ്റബിലിറ്റി അസിസ്റ്റ് തുടങ്ങി സെഗ്മെന്റില്‍ തന്നെ ആദ്യമായി അവതരിപ്പിക്കുന്ന പുതിയ നിരവധി ഫീച്ചറുകളും നൽകിയിട്ടുണ്ട്.
പുതിയ മോഡലിന് നാലാം തലമുറയെക്കാൾ നീളവും വീതിയും കൂടി. പഴയ മോഡലിനു സമാനമായ വീൽ ബേസ് ലഭിക്കുന്നു. നീളം 4549 മി.മി. (പഴയ മോഡൽ 4440 മി.മി.), വീതി 1748 (പഴയ മോഡൽ 1695), ഉയരം 1489 (പഴയ മോഡൽ 1495), വീൽ ബേസ് 2600. വാഹനത്തിന് കരുത്തേകുന്നത് ബിഎസ് നിലവാരത്തിലുള്ള 1.5 ലീറ്റർ പെട്രോൾ, ഡീസൽ എൻജിനുകളാണ്. ആറ് സ്പീഡ് മാനുവൽ ഗിയർബോക്സും സിവിടി ഓട്ടമാറ്റിക്ക് ഗിയർബോക്സും 121 ബിഎച്ച്പി കരുത്തുള്ള പെട്രോൾ എൻജിനൊപ്പം നൽകി. 100 ബിഎച്ച്പി കരുത്തുള്ള ഡീസൽ എൻജിനൊപ്പം 6 സ്പീഡ് മാനുവൽ ഗിയർബോക്സ് മാത്രം.






